കൊച്ചി: വടുതല കൊറുംകോട്ട ദ്വീപിൽ നിന്നായിരുന്നു എൻ.ഡി.എ സ്‌ഥാനാർത്ഥി സി.ജി.രാജഗോപാൽ ഇന്നലെ പ്രചാരണം തുടങ്ങിയത്. ദ്വീപിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ പങ്ക് വെച്ചായിരുന്നു രാജഗോപാലിന്റെ പ്രചാരണം. വള്ളത്തിൽ ദ്വീപിലെത്തിയ സ്ഥാനാർത്ഥി ഓരോ വീടും കയറിയിറങ്ങി ദ്വീപിന്റെ വികസനത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഫോട്ടോ എടുക്കാനായി വരുന്ന ആളല്ല താനെന്ന ആമുഖത്തോടെയാണ് സ്‌ഥാനാർത്ഥി ഓരോ വീട്ടിലും കയറിയിറങ്ങിയത്. കേന്ദ്രമന്ത്രിമാരോടൊപ്പം ദ്വീപിന്റെ വികസനത്തിനായി പലതവണ വന്നത് ദ്വീപ് നിവാസികളും അനുസ്മരിച്ചു. കേന്ദ്രസർക്കാരിൽ നിന്നും സാദ്ധ്യമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കുമെന്ന് രാജഗോപാൽ ഉറപ്പ് നൽകി.
കലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഊഷ്മളസ്വീകരണവും രാജഗോപാൽ ഏറ്റുവാങ്ങി. അനുഗ്രഹം തേടി ജമാഅത്ത് പ്രസിഡന്റ് ടി.ജെ. ബിലാലിന്റെ വസതിയിലെത്തിയ സ്‌ഥാനാർത്ഥിയെ സെക്രട്ടറി കെ.കെ. അബ്ദുൾ സലാം, ജമാഅത്ത് നാഷണൽ പബ്ലിക് സ്‌കൂൾ ട്രഷറർ പി.എം. നൗഷാദ് ഹാജി, ജമാ അത്ത് കമ്മിറ്റി അംഗങ്ങളായ പി.കെ. അബ്ദുൾ ജബ്ബാർ, എൻ.എ. അഷ്‌റഫ്, കലൂർ മുസ്ലിം മദ്രസ ട്രഷറർ വി.എ. അഷറഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു.