# പ്രതിയെ കിട്ടിയിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്
ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാവേലിക്കര വെട്ടിയാർ സ്വദേശി ചന്ദ്രബാബുവിന് (62) ആണ് പരിക്കേറ്റത്. ഒപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി അരുൺ (24) ആണ് മർദ്ദിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. തൃപ്പൂണിത്തുറയിലെ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരാണ് ഇരുവരും. സംഭവം നടന്ന ദിവസം ജോലി അവസാനിപ്പിച്ച് പോകാനിരുന്ന അരുണിന് പകരമെത്തിയതാണ് ചന്ദ്രബാബു.
അരുൺ ഉപയോഗിച്ചിരുന്ന കട്ടിൽ ചന്ദ്രബാബു ഉപയോഗിച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇതോടെ അരുണും ചന്ദ്രബാബുവും തമ്മിൽ വാക്കുതർക്കമായി. പിന്നീട് അരുൺ മർദ്ദിക്കുകയും അലുമിനിയം പൈപ്പ് ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ചന്ദ്രബാബുവിന് തലക്ക് ആറ് തുന്നലുണ്ട്. ഇയാൾ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ഇതേ ഏജൻസിയിലെ മറ്റൊരു ജീവനക്കാരനായ പാലക്കാട് സ്വദേശി അരുൺ (37) സ്ഥലത്തുണ്ടായിരുന്നു. ഇയാൾ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതിയായ കൊല്ലം സ്വദേശി അരുണിനെ തടഞ്ഞുവെച്ച് ആശുപത്രി അധികൃതർ ആലുവ പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാതെ അരുണിനെ പറഞ്ഞുവിട്ടു. പിറ്റേന്ന് അരുണിനെ സ്റ്റേഷനിലെത്തിക്കണമെന്ന് സെക്യൂരിറ്റി ഏജൻസിയോട് ആവശ്യപ്പെട്ടാണ് പറഞ്ഞയച്ചത്. എന്നാൽ പ്രതിയായ അരുൺ ഒളിവിൽ പോയി.
ഇതോടെ സമ്മർദ്ദത്തിലായ പൊലീസ് സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റിയായ പാലക്കാട് സ്വദേശിയായ അരുണിനെ അറസ്റ്റ് ചെയ്‌തു. ഇയാളെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ പിടിച്ചു കൊടുത്തിട്ടും കസ്റ്റഡിയിൽ വെക്കാതെ ഒളിവിൽപോകാൻ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. സ്വകാര്യ സെക്യൂരിറ്റി ഏജൻസിക്കെതിരെ നടപടിയെടുക്കാതെ പ്രതിയല്ലാത്ത ഒരേ പേരുകാരനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.