കൊച്ചി: വിശപ്പുരഹിത എറണാകുളം എന്ന സന്ദേശവുമായി സന്നദ്ധ സംഘടനയായ ഫെയ്‌സ് നടപ്പാക്കുന്ന അക്ഷയപാത്രം ഭക്ഷ്യധാന്യ വിതരണ പദ്ധതി തുടങ്ങി. ജില്ലയിലെ നിർദ്ധനരും സർക്കാർ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമായ കുടുംബങ്ങൾക്ക് എല്ലാ മാസവും പത്തു ദിവസത്തേക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്ന പദ്ധതിയാണ് 'അക്ഷയപാത്രം'.
പത്തു കിലോ അരിയും ടൂത്ത് പേസ്റ്റ് ഉൾപ്പടെ 20 ഇനങ്ങളുമാണ് ഓരോ കുടുംബംഗൾക്കും നൽകുന്നത്. തിരഞ്ഞെടുത്ത പത്തു കുടുംബങ്ങൾക്ക് കിറ്റ് നൽകിത്തുടങ്ങി. 2021 ജൂൺ പത്തിന് ഫെയ്‌സ് ആതുരസേവന രംഗത്തു പത്തു വർഷം തികയ്ക്കുന്നതിനോട് അനുബന്ധിച്ച് 1000 കുടുംബങ്ങളിലേക്കു 'അക്ഷയപാത്രം'എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഫെയ്‌സിന്റെ പതിനാലു സെന്ററുകൾ വഴിയാണ് വിതരണം ചെയ്യുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
മുല്ലശേരി കനാൽറോഡിലെ ഫെയ്‌സ് കേന്ദ്രത്തിൽ നടന്ന ഭക്ഷ്യധാന്യ വിതരണോദ്ഘാടനം ഡോ. ജോർജ് തയ്യിൽ ഉദ്ഘാടനം ചെയ്തു .നഗരസഭ ടാക്‌സ് അപ്പീൽ കമ്മറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ പി. ചന്ദ്രകുമാർ മുഖ്യാതിഥിയായിരുന്നു.
ഫെയ്‌സ് പ്രസിഡന്റ് ടി.ആർ. ദേവൻ ആമുഖപ്രസംഗം നടത്തി. സെക്രട്ടറി റോണി ദേവസ്യ, എം.കെ. സത്യനാഥമേനോൻ, കേരളാവിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ എം. സത്യൻ, എ.എസ് രാജൻ, ആർ. ഗിരീഷ്, സുബാഷ് ആർ. മേനോൻ, സി.ബി. ഹരി, ഡോ. ബെന്നി ജോർജ്, രത്‌നമ്മ വിജയൻ എന്നിവർ പ്രസംഗിച്ചു.