ജനകീയ കമ്മിഷൻ രൂപീകരിച്ചു
കൊച്ചി : തീരദേശമേഖലകളിലെ വർദ്ധിച്ചുവരുന്ന നിയമലംഘന കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ ജനകീയ കമ്മിഷൻ രൂപീകരിച്ചു. വിവിധ മേഖലകളിലെ വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, മത്സ്യത്തൊഴിസംഘടനാ നേതാക്കൾ, നിയമജ്ഞർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു രൂപീകരണം.
പ്രൊഫ. എം.കെ. പ്രസാദ്, ഡോ.എൻ.കെ. ശശിധരൻപിള്ള, (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ.കെ.വി.തോമസ് (സെസ് തീരമേഖല വിഭാഗം മുൻ മേധാവി), ഷെറി കെ. തോമസ്, കെ.കെ. അഷ്കർ, ടി. രഘുവരൻ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ചാൾസ് ജോർജ് (കേരള മത്സ്യത്തൊഴിലാളി എെക്യവേദി) എന്നിവരാണ് അംഗങ്ങൾ. ചാൾസ് ജോർജാണ് ജനറൽ കൺവീനർ.
തീരദേശപരിപാലനവുമായി ബന്ധപ്പെട്ട കോടതി നടപടികൾ പരിശോധിക്കാനും രേഖകൾ സമാഹരിക്കാനും നിയമജ്ഞരുൾപ്പെട്ട ഉപസമിതിയും രൂപീകരിച്ചു. 18 ന് ചേരുന്ന ആദ്യ കമ്മിഷൻ യോഗം പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കും. തീരമേഖലകൾ സന്ദർശിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികളും തെളിവുകളും ശേഖരിച്ച് ഡിസംബറിൽ റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയങ്ങൾക്കും കേന്ദ്ര- സംസ്ഥാന തീരദേശ പരിപാലന അതോറിറ്റികൾക്കും റിപ്പോർട്ട് സമർപ്പിക്കും.യോഗത്തിൽ പ്രൊഫ. എം.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
വേമ്പനാട്ട് കായൽ നാലിലൊന്നായി
ഏഷ്യയിലെ ഏറ്റവും വലിയ ജെെവകലവറകളിലൊന്നായ വേമ്പനാട്ട് കായൽ അര നൂറ്റാണ്ടുകൊണ്ട് നാലിലൊന്നായി ചുരുങ്ങിയതായി യോഗം വിലയിരുത്തി. 2019 ൽ പരിഷ്കരിച്ച തീരദേശ പരിപാലന വിജ്ഞാപനവും ദോഷമായി. കായൽ കൈയേറ്റങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെ ജീവിതം ദുരിതത്തിലാക്കി. തീരദേശ ജില്ലകളിൽ നടക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നിയമപരമായി പരിശോധിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ജനകീയ കമ്മിഷൻ പ്രവർത്തിക്കും.