കൊച്ചി : എറണാകുളം ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ സെന്റ് തെരേസാസ് സി.ജി. ഹൈസ്കൂൾ അവതരിപ്പിച്ച 'ഇലകൾ പച്ച' എന്ന നാടകം സംസ്ഥാന മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ധയായ ഗൗരിയുടെ ഉൾക്കാഴ്ചകളുടെ കരുത്താണ് നാടകത്തിന്റെ ഇതിവൃത്തം. പൂത്തുമ്പിയും കാക്കക്കറുമ്പിയും തവളയും ദേശാടനപ്പക്ഷികളും ഉൾപ്പെടെ ലോകത്തെ സകലതും അവൾക്ക് പ്രിയപ്പെട്ടതാണ്. പ്രകൃതിക്ഷോഭവും പരിസ്ഥിതിനാശവും കാലാവസ്ഥാ വ്യതിയാനവും മൂലം നാശം നേരിടുന്ന ജീവജാലങ്ങൾക്കു വേണ്ടി ഗൗരി സംഘവും നടത്തുന്ന അന്വേഷണമാണ് നാടത്തിൽ പറയുന്നത്.
ഹുസൈൻ കാവുങ്ങലാണ് സംവിധായകൻ. സുരേഷ് ഇരിങ്ങല്ലൂർ രചനയും സിബി നായരമ്പലം സംഗീതവും അഭിരാമി കൊറിയോഗ്രാഫിയും നിർവഹിച്ചു.