കൊച്ചി : ഫെഫ്കയുടെ തിരിച്ചറിയൽ കാർഡ് ഇല്ലെന്ന പേരിൽ എട്ടു പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുകളെ സിനിമാ നിർമ്മാണരംഗത്ത് പ്രവർത്തിക്കാൻ അനുവദിക്കാത്തത് ഫെഫ്ക നേതാക്കളുടെ തൊഴിലാളി വിരുദ്ധ നടപടിയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. വിലക്കിനെതിരെ 28 ന് എറണാകുളത്തെ ഫെഫ്ക ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ്സ്, ടെക്‌നിഷ്യൻസ് അസോസിയേഷൻ (ഇ്ര്രഫ) സംസ്ഥാനസമിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായിരുന്നു.
യൂണിയൻ സംസ്ഥാന ഭാരവാഹികളായ സി.കെ. പ്രമോദ്, വിനു വിദ്യാധരൻ, സൈമൺ ഇടപ്പള്ളി, അരുൺ ഗോപിനാഥ്, രാജു ചന്ദ്രു, ടിജോ ജോസഫ്, റോളി ബാബു, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനിൽ ആറ്റിങ്ങൽ, വൈസ് പ്രസിഡന്റ് മിനി പൂങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.