കൊച്ചി : പെട്ടെന്നുള്ള ഹൃദയാഘാതം മൂലം വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് തടയാൻ പ്രത്യേക പദ്ധതി ജില്ലാ ഭരണകൂടവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് നടപ്പാക്കും. അടിയന്തര ജീവൻരക്ഷാമാർഗം നൽകുന്ന ഹാർട്ട്ബീറ്റ്‌സ് പദ്ധതി ഗിന്നസ് ബുക്കിലും ബെസ്റ്റ് ഒഫ് ഇന്ത്യാ റെക്കാഡിലും ഇടംപിടിക്കുകയാണ് ലക്ഷ്യം.

പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിൽ അടിയന്തര ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് പദ്ധതി. ഏഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബഹുജനപങ്കാളിത്തത്തോടെയാണ് പരിശീലന പദ്ധതിനടപ്പാക്കുക. നവംബർ 16 ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിലാണ് ഹാർട്ട് ബിറ്റ്‌സിന് തുടക്കം കുറിക്കുക.

# സി.പി.ആർ പരമാവധി പേർക്ക്

അടിയന്തരഘട്ടങ്ങളിൽ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിറുത്തുന്നതിന് സഹായിക്കുന്ന ജീവൻരക്ഷാ മാർഗമായ കാർഡിയോപൾമൊണറി റെസസിറ്റേഷൻ (സി.പി.ആർ) പരിശീലനം പരമാവധി പേർക്ക് നൽകുകയാണ് ഹാർട്ട് ബീറ്റ്‌സിന്റെ ലക്ഷ്യം. നെഞ്ചിൽ തുടർച്ചയായി ശക്തിയായി അമർത്തി കൈ കൊണ്ടുള്ള സി.പി.ആർ അറിഞ്ഞിരുന്നാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. കൃത്യസമയത്തുള്ള ഇടപെടലുകൾ കൊണ്ട് മരണങ്ങളിൽ ഏറെക്കുറെയും ഒഴിവാക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ലോകമെമ്പാടും 17 ദശലക്ഷം പേർ ഹൃദയസംബന്ധമായ അസുഖങ്ങളാൽ പ്രതിവർഷം മരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽത്തന്നെ 40 - 50 ശതമാനം മരണവും പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് .

# 35,000 പേർക്ക് പരിശീലനം

ജില്ലയിൽ സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ 35,000 ത്തിലധികം വിദ്യാർത്ഥികൾക്കാണ് ഒരു ദിവസം കൊണ്ട് സി.പി.ആർ പരിശീലനം നൽകുന്നത്.

നവംബർ 16 ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിശീലന പ്രക്രിയ വൈകിട്ട് ആറു വരെ നീളും. ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്നവരാണ് പരിശീലനത്തിൽ പങ്കെടുക്കുക. വിദ്യാർത്ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം വീതം ക്രമീകരിച്ചാണ് പരിശീലനം നൽകുക.

2016 ഏപ്രിൽ ഏഴിന് ചെന്നൈയിൽ സവിത യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിശീലന യത്‌നത്തിൽ എട്ടു മണിക്കൂർ എട്ടു മിനിറ്റിൽ 28,015 പേർക്ക് സി.പി.ആർ പരിശീലനം നൽകിയിരുന്നു. നിലവിലെ ലോക റെക്കാഡ് സവിത യൂണിവേഴ്‌സിറ്റിയുടെ പേരിലാണ്.

# വിപുലമായ ഒരുക്കം

പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും പിന്തുണ നൽകും. ഹാർട്ട്ബീറ്റ്‌സിന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ സാങ്കേതിക സഹായവും നൽകും.

ജില്ലാ കളക്ടർ എസ്. സുഹാസ് ചെയർമാനായി സംഘാടകസമിതി പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്‌ജുമായ സലീന വി.ജി നായർ, ഡോ. ജുനൈദ് റഹ്മാൻ, ഡോ.പി.പി. വേണുഗോപാലൻ, ഡോ. സച്ചിദാനന്ദ കമ്മത്ത് എന്നിവർ വൈസ് ചെയർമാന്മാരും ഡോ. നജീബ് കെ. ഹംസ ജനറൽ കൺവീനറുമാണ്. ഡോ.രാജീവ് ജയദേവൻ, ഡോ. ശാലിനി സുധീന്ദ്രൻ, ഡോ. ഹനീഷ് മീരാസ, ഡോ.എം. നാരായണൻ, ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) ജി. അനന്തകൃഷ്ണൻ, മജു കെ. ഇസ്മായിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

# പങ്കാളികളാകാൻ അവസരം
സി.പി.ആർ പരിശീലനത്തിന് കുട്ടികളെ പങ്കെടുപ്പിക്കാൻ താല്പര്യമുള്ള സ്‌കൂൾ അധികൃതർക്ക് ഐ.എം.എ കൊച്ചി ഘടകവുമായി ബന്ധപ്പെടാം. തുടർപരിശീലനത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) ക്ലബ്ബുകൾ രൂപീകരിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഘുലേഖകളും സർട്ടിഫിക്കറ്റുകളും നൽകും.

വിവരങ്ങൾക്ക് : 95620 29955, 82818 20216

വെബ്‌സൈറ്റ് : www.heartbeats2019.com