കൊച്ചി : നഗരസഭ അംഗീകാരം നൽകിയില്ലെങ്കിലും മരടിലെ ഫ്ളാറ്റ് പൊളിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട്. സമീപവാസികളുടെ ആശങ്ക നീക്കാൻ യോഗങ്ങൾ ആരംഭിച്ചു.
തിരഞ്ഞെടുത്ത രണ്ട് സ്ഥാപനങ്ങൾക്ക് പൊളിക്കാനായി ഫ്ളാറ്റുകൾ കൈമാറാൻ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ നിർദ്ദേശിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. അജൻഡയിൽ വിഷയം ഇല്ലെന്ന സാങ്കേതികത്വം ഉന്നയിച്ചായിരുന്നു ഭരണ - പ്രതിപക്ഷങ്ങൾ ഒന്നിച്ച് തടസം സൃഷ്ടിച്ചത്. അജൻഡയിൽ ഉൾപ്പെടുത്തി അടിയന്തര കൗൺസിൽ വിളിക്കാനാണ് നീക്കം.
സുപ്രീം കോടതിയിൽ സമർപ്പിച്ച സമയക്രമം പാലിച്ച് നടപടികൾ തുടരും.
മൂന്നു ഫ്ളാറ്റുകളുടെ സമീപവാസികളുടെ യോഗം ഇന്നലെ നടന്നു. ഒരിടത്ത് ഇന്ന് യോഗം ചേരും. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ, വൈസ് ചെയർമാൻ ബോബൻ നെടുമ്പറമ്പിൽ, സെക്രട്ടറി എം. ആരിഫ്ഖാൻ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു.
# വിപുലമായ സുരക്ഷാക്രമീകരണം
ഫ്ളാറ്റുകൾ പൊളിക്കൽ ജനജീവിതത്തെ ബാധിക്കില്ലെന്ന് സബ്കളക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. നിയന്ത്രിത സ്ഫോടനത്തിൽ പാലത്തിലൂടെ ലോറി പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനം മാത്രമേയുണ്ടാകൂ. ഭിത്തികൾ പൊളിച്ചുനീക്കിയ ശേഷം സ്ഫോടക വസ്തുക്കൾ കോൺക്രീറ്റ് പില്ലറുകളിൽ തുളച്ചുകയറ്റിയാണ് പൊട്ടിക്കുക. നാലോ അഞ്ചോ മണിക്കൂറിനകം ഒരു ഫ്ളാറ്റ് തകർക്കാം. സ്ഫോടന സമയത്ത് പരിസരവാസികളെ മാറ്റിത്താമസിപ്പിക്കും. ഗതാഗതം തിരിച്ചുവിടും. കെട്ടിടങ്ങൾക്കോ സ്ഥലത്തിനോ കേടുപാടുകൾ സംഭവിക്കില്ലെന്ന് ഉറപ്പാക്കും.
ബന്ധപ്പെട്ട വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും സ്ഫോടനം.
# പത്തു സെക്കൻഡിൽ സ്ഫോടനം
സ്ഫോടനത്തിന് പത്തു സെക്കൻഡിൽ താഴെ മതിയെന്നാണ് കരാർ ഏറ്റെടുത്ത എഡിഫൈസ് കമ്പനി അറിയിച്ചത്. ഫ്ളാറ്റുകൾ നിലംപൊത്തിയാലുടൻ പൊടി പടരാതിരിക്കാൻ വെള്ളം ചിതറിയ്ക്കും. അഞ്ചു മിനിറ്റിനകം പൊടി അടിയുമെന്നാണ് പ്രതീക്ഷ. കോൺക്രീറ്റ് മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യും.
# നൂറു കോടി രൂപയുടെ ഇൻഷ്വറൻസ്
ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികളെയും ഉൾപ്പെടുത്തി നൂറു കോടി രൂപയുടെ ഇൻഷ്വറൻസ് സുരക്ഷയുണ്ടാകും. നാശനഷ്ടമുണ്ടായാൽ കമ്പനികൾക്കാണ് ഉത്തരവാദിത്വമെങ്കിലും ആവശ്യമായ മുൻകരുതലുകൾ സർക്കാരും നഗരസഭയും സ്വീകരിക്കും.