കൊച്ചി : ഭരണഘടനയുടെ 370 ാം വകുപ്പ് ഏകപക്ഷീയമായി കേന്ദ്ര സർക്കാർ റദ്ദാക്കിയതിലൂടെ കാശ്‌മീരികൾ ഇന്ത്യയിൽ നിന്ന് അകലുകയാണ് ചെയ്തതെന്ന് ഐ.എ.എസ് രാജിവച്ച മലയാളി കണ്ണൻ ഗോപിനാഥൻ പറഞ്ഞു..

ജനാധിപത്യം കടന്നു പോകുന്ന കാലം എന്ന വിഷയത്തിൽ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കാശ്മിരികളെ തടവിലാക്കിയ ഭരണകൂടത്തിന്റെ നടപടിയെ നേരിടുന്നതിൽ രാഷ്ട്രീയം പരാജയപ്പെട്ടു. സങ്കീർണവും അതിരൂക്ഷവുമായ കാശ്മീർ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് വ്യക്തമല്ല.
ഭരണകൂടവും നീതിപീഠവും രാഷ്ട്രീയ നേതൃത്വവും കാശ്മീരികളുടെ അവകാശം സംരക്ഷിക്കാൻ മുന്നോട്ടു വരാത്തതിൽ പ്രതിഷധിച്ചാണ് താൻ ഐ.എ.എസ് ഉപേക്ഷിച്ചത്. രാജ്യം തകരുമ്പോൾ പൗരന്മാർ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ശ്രീരാമന്റെ കാലത്തു പോലും പ്രജകൾക്ക് ചോദ്യം ചോദിക്കാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ഷാജർഖാൻ, ജസ്റ്റിസ് പി.കെ. ഷംസുദീൻ, ടി.കെ. സുധീർകുമാർ, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.