edayar
എടയാറിൽ ടാർ മിക്‌സിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷിന്റെ നേതൃത്വത്തിൽ തടയുന്നു

ആലുവ: എടയാറിൽ ജനവാസ മേഖലയിൽ മെറ്റൽ ക്രഷർ യൂണിറ്റ് ലൈസൻസിന്റെ മറവിൽ ടാർ മിക്‌സിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. ജില്ലാ വ്യവസായ വകുപ്പ് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയ സ്ഥലത്താണ് ടാർ മിക്‌സിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

പഞ്ചായത്ത് മെമ്പർമാരായ എം.എം. ആന്റണി, സി.ജി. വേണു, കെ.ജി. ജോഷി, വി.ജി. ജയകുമാർ, പി.എ. ഷാജഹാൻ, എ.എസ്. വേണുഗോപാൽ, ബി. ബാലകൃഷ്ണപിള്ള, എ.എസ്. മുരളീധരൻ, അജിത് കുമാർ, സരിൻ സത്യൻ തുടങ്ങിവരും പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ചട്ടങ്ങൾ മറികടന്ന് ലൈസൻസ് നൽകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ആക്ഷൻ കൗൺസിൽ കൺവീനറായി എ.എസ്. രഞ്ജനെ തിരഞ്ഞെടുത്തു.

ടാർ മിക്‌സിംഗ് യൂണിറ്റിന് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ആരോപിച്ചു.