കൊച്ചി : കാസർകോഡ് നിന്ന് നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താൻ കഴിയുന്ന

സെമി ഹെെസ്പീഡ് റെയിൽ സ്വപ്ന പദ്ധതി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശപ്പാതയുടേയും, മലയോരഹെെവേയുടേയും ജോലികൾ തുടങ്ങിക്കഴിഞ്ഞെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി മനുറോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

600 കിലോമീറ്റർ നീളം വരുന്ന കോവളം - കാസർകോട് ജലപാത അടുത്തവർഷം യാഥാർത്ഥ്യമാകും. വാട്ടർമെട്രോയുടെ പണികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കിഫ്ബി വഴി 50000കോടിയുടെ വികസനമാണ് സർക്കാർ ലക്ഷ്യം . വെെറ്റില, കുണ്ടന്നൂർ ഫ്ളെെഓവറുകൾ സമയബന്ധിതമായി പൂർത്തീകരിക്കും.

യു.ഡി.എഫ് സർക്കാരിന്റെ നേട്ടം പഞ്ചവടിപ്പാലവും മറ്റുമായിരുന്നു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങളുടെ പേരിൽ അപമാനിക്കപ്പെട്ട കേരളം മൂന്നര വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിൽ നല്ലകാര്യങ്ങളുടെ പേരിൽ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടു. എറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമെന്ന സ്ഥാനത്ത് നിന്ന് കേന്ദ്രസർക്കാർ ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ അംഗീകരിക്കുന്ന കാഴ്ചയാണിന്ന്. അധികാരം, അഴിമതി, അനാശാസ്യത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ യു.ഡി.എഫ്. ഭരണം ജീർണിപ്പിച്ച രാഷ്ട്രീയസംസ്കാരം ശുദ്ധീകരിക്കാൻ എൽ.ഡി.എഫിനായി.

അഴിമതിക്കാർ അധികാരസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ദുരവസ്ഥയ്ക്ക് അറുതിവരുത്തി. ആഗോളവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും നടുവിൽനിന്ന് സമാധാനവും ജനക്ഷേമവും ഉറപ്പാക്കുന്ന വികസനമാണ് ഈ സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഗുണഫലം ലഭിക്കാൻ പോകുന്നത് എറണാകുളം നിവാസികൾക്കാണെന്നും എന്നാൽ കൊച്ചി കോർപ്പറേഷൻ കൂടി സഹകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. .

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി സഞ്ജിത് അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് എന്നിവർ പ്രസംഗിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, എം.എൽ.എമാരായ എസ്. ശർമ ,ജോൺ ഫെർണാണ്ടസ് കെ.ജെ മാക്‌സി , നേതാക്കളായ സി.എം ദിനേശ് മണി, എം.പി പത്രോസ്, സി.കെ മണിശങ്കർ, ജോസ് തെറ്റയിൽ,, കുമ്പളം രവി, സി. ചാണ്ടി, എം.പി മാണി എന്നിവർ പങ്കെടുത്തു.