കൊച്ചി: അവധി ദിവസായ ഞായറാഴ്ച പരമാവധി സമ്മതിദായകരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു മുന്നണി സ്ഥാനാർത്ഥികൾ. ജനവാസമേഖലകളും ഫ്ളാറ്റുകളുമുൾപ്പെടെ സന്ദർശിച്ച് വോട്ടുറപ്പിക്കാൻ സ്‌ക്വാഡ് പ്രവർത്തകരും ശ്രദ്ധവച്ചു. പ്രചരണകോലാഹലങ്ങളെക്കാൾ സമ്മതിദായകരെ നേരിൽകാണുകയന്നെ തന്ത്രമാണ് മുന്നണികൾ പയറ്റുന്നത്.
# മനുവിന് വോട്ട് തേടി മുഖ്യമന്ത്രിയും
എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയി കോമ്പാറയിലാണ് ഗൃഹസന്ദർശനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നഗരത്തിലെ പ്രമുഖരുമായി സംവദിച്ച പരിപാടിയിലും പങ്കുചേർന്നു. പ്രസംഗം നിറുത്തി സ്ഥാനാർത്ഥിയെ കൈപിടിച്ച് മുഖ്യമന്ത്രി സ്വീകരിച്ചു. .
രവിപുരത്തും എളമക്കരയിലും മുഖ്യമന്ത്രി പങ്കെടുത്ത പൊതു യോഗങ്ങളിലും പങ്കെടുത്തു. കടവന്ത്രയിലും പെരുമാനൂരിലും വോട്ട് അഭ്യർത്ഥിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും എ.കെ ശശീന്ദ്രനും യോഗങ്ങളിൽ പങ്കെടുത്തു.
# ആരാധനാലയങ്ങളിൽ ടി.ജെ. വിനോദ്
വില്ലിംഗ്ടൺ ഐലന്റിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ് പര്യടനം ആരംഭിച്ചത്. കഠാരി ബാഗ് സെന്റ് പീറ്റർ ആൻഡ് പോൾ, എറണാകുളം ബോട്ട് ജട്ടിക്ക് സമീപം സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ, തേവര ഗുരുദ്വാര, ഷേണായിസ് ജംഗ്ഷനിൽ ഷാലേം മാർത്തോമാ ചർച്ച് , സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി, സെന്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് എന്നിവയും സന്ദർശിച്ചു.
വാത്തുരുത്തിയിലെ പര്യടനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി. ഹരിദാസ് ഉത്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, നടൻ മമ്മൂട്ടി എന്നിവരെയും സന്ദർശിച്ചു. കലൂർ, കതൃക്കടവ് എന്നിവിടങ്ങളിലെ ഫ്ളാറ്റുകളിലും വോട്ടഭ്യർത്ഥിച്ചു.
# മമ്മൂട്ടിയിൽ നിന്ന് പോസിറ്റിവ് എനർജി :രാജഗോപാൽ
വിവിധ സ്ഥലങ്ങളിൽ സമ്പർക്കംതുടരുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ. നടൻ മമ്മൂട്ടിയെ പനമ്പിള്ളിനഗറിലെ വസതിയിൽ സന്ദർശിച്ചു.
വിശേഷങ്ങൾ പരസ്പരം പങ്കുവച്ച മമ്മൂട്ടി സ്ഥാനാർത്ഥിക്ക് വിജയം നേർന്നു. മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് പോസിറ്റിവ് എനർജി ലഭിച്ചെന്ന് രാജഗോപാൽ പറഞ്ഞു.