കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാത പുത്തൻകുരിശിലെ വട്ടക്കുഴി പാലം പാതി രാത്രിയിൽ പൊളിച്ചു. അമ്പലമുകൾ റിഫൈനറിയിലേയ്ക്ക വന്ന കൂറ്റൻ യന്ത്രം വഹിച്ച ട്രെയിലർ പാലത്തിൽ കുടുങ്ങിയതോടെയാണ് ഇരു ചെവിയറിയാതെ ജെ.സി.ബി ഉപയോഗിച്ച് പാലം പൊളിച്ചത്.റിഫൈനറിയിലേയ്ക്കുള്ള യന്ത്രഭാഗങ്ങൾ രാത്രിയിലാണ് റോഡു വഴി പോകാൻ അനുമതി നല്കിയിട്ടുള്ളത്. ചിലയിടങ്ങളിൽ കെ.എസ്.ഇ.ബി ലൈനുകൾ മാറ്റിയും, റോഡിൽ വാഹന ഗതാഗതം തടഞ്ഞുമാണ് രാത്രി യാത്ര. ഇത്തരത്തിലെത്തിയ ട്രെയിലർ പാലത്തിൽ കുരുങ്ങിയതോടെ ദേശീയ പാത അധികൃതരുടെ അനുമതിയില്ലാതെ പാലം പൊളിക്കുകയായിരുന്നു.
ദേശീയ പാത അതോറിറ്റി മൂവാറ്റുപുഴ അസിസ്റ്റന്റ് എൻജിനീയർ പുത്തൻകുരിശ് പൊലീസിൽ പരാതി നല്കി.വലിയ വാഹനങ്ങൾ കടന്നു പോകാൻ തടസ്സമുള്ള പാലം പൊളിച്ചു പണിയണമെന്നുള്ള ആവശ്യം നേരത്തെ മുതൽ ശക്തമാണ്. അതിനിടയിലാണ് പാലത്തിലെ കൈവരി ആരോരുമറിയാതെ പൊളിച്ചത്. അപകടകരമായ വളവും, വീതി കുറഞ്ഞ പാലവും ഇവിടെ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. പാലത്തിന്റെ വീതി കുറവറിയാതെ ദേശീയ പാത വഴി എത്തുന്ന വാഹനങ്ങൾ കൈവരിയിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാണ്. നേരത്തെ പാലമുണ്ടെന്നറിയാതെ എത്തിയ ബൈക്ക് യാത്രികൻ വട്ടക്കുഴി തോട്ടിൽ വീണു മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇപ്പോൾ ട്രെയിലറുകൾ കൂടി ഈ വഴി വരുന്നതോടെ പാലം വഴിയുള്ള യാത്ര ദുഷ്ക്കരമാവുകയാണ്. നേരത്തെ അങ്കമാലിയിൽ നിന്നും തൃപ്പൂണിത്തുറ വഴി വന്ന് അമ്പലമുകളിലേയ്ക്കായിരുന്നു ട്രെയിലറുകൾ പോയിരുന്നത്. എന്നാൽ മെട്രോ വന്നതോടെ ട്രെയിലറുകൾക്ക് ആ വഴി പോകാൻ അനുമതിയില്ല. അതോടെയാത്ര അങ്കമാലിയിൽ നിന്നും പെരുമ്പാവൂർ വഴി മൂവാറ്റുപുഴയിലെത്തി കൊച്ചി ധനുഷ്കോടി ദേശീയ പാത പുത്തൻകുരിശ് വഴിയാക്കി. ഇതോടെ വട്ടക്കുഴി പാലത്തിലെത്തുമ്പോൾ ഗതാഗത തടസ്സം പതിവായി. ദേശീയ പാത അധികൃതരുടെ പരാതി ലഭിച്ചത് അന്വേഷിച്ച് വരികയാണെന്ന് പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ പറഞ്ഞു.
ഇനിയും വരും കൂറ്ററൻ ക്രെയിനുകൾ
15 വർഷം മുമ്പാണ് പാലം ബലക്ഷയത്തെ തുടർന്ന് പുതുക്കി പണിതത്. അന്ന് വളവ് നിവർത്താതെ പണി പൂർത്തിയാക്കിയത് ഒരു പാട് ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു. ആറ് മാസം ദേശീയപാതയിലെ ഗതാഗതം തിരിച്ചു വിട്ടാണ് അന്ന് പാലം പണി പൂർത്തിയാക്കിയത്. റിഫൈനറിയുടെ വികസന പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല .ഇനിയും ഒരു പാട് കൂറ്റൻ യന്ത്ര ഭാഗങ്ങൾ കൂടി എത്താനുണ്ട് .
ട്രെയിലർ പാലത്തിൽ കുടുങ്ങിയതോടെ ജെ.സി.ബി ഉപയോഗിച്ച് പാലം പൊളിച്ചു
പാലം പൊളിച്ചു പണിയണമെന്നുള്ള ആവശ്യംപണ്ടേ ഉയർന്നു.
കൈവരികൾ തകർന്നത് ഇരു ചക്ര വാഹന യാത്രികരുടെ ജീവന് ഭീഷണിയാണ്. പാലം പുനർ നിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കണം
ജോർജ് ഇടപ്പരത്തി ,ജില്ലാ പഞ്ചായത്തംഗം