കൊച്ചി: തന്റെ കൈവശമുള്ള ആനക്കൊമ്പുകൾക്ക് സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് മുൻകാല പ്രാബല്യമുണ്ടെന്നും കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും നടൻ മോഹൻലാൽ ഹൈക്കോടതിയിൽ വ്യക്തമാക്കി. പൊതുതാത്പര്യം നടിച്ച് പല വ്യക്തികളും സംഘടനകളും തന്റെ പേരു ചീത്തയാക്കാൻ കള്ളക്കേസുകൾ നൽകുകയാണ്. ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജിയിലാണ് മറുപടി സത്യവാങ്മൂലം നൽകിയത്.
പബ്ളിസിറ്റിയാണ് ഹർജിക്കു പിന്നിലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2011ൽ മോഹൻലാലിന്റെ വസതിയിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് അധികൃതരാണ് രണ്ട് ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത കലാരൂപങ്ങളും കണ്ടെത്തിയത്.
സത്യവാങ്മൂലത്തിൽ നിന്ന്
• ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചതിലൂടെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് സംരക്ഷണത്തിന് അർഹതയുണ്ട്.
• വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശമുണ്ടെങ്കിൽ ഡിക്ളയർ ചെയ്യാൻ അവസരമുണ്ട്.
• 2016ൽ താൻ നൽകിയ ഹർജിയിൽ കേസ് പിൻവലിക്കാൻ നടപടികൾ സ്വീകരിച്ചതായി സർക്കാരും വിജിലൻസും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
• ആനക്കൊമ്പുകൾ നിയമപരമായി കൈവശം വയ്ക്കാൻ അനുമതി നൽകിയതിനാൽ കേസ് ദുർബലമാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജൂലായ് എട്ടിന് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
• നിയമപരമായി ഡിക്ളയർ ചെയ്തവയാണെന്നതിനാൽ ആനക്കൊമ്പ് പിടിച്ചെടുക്കാനോ കേസ് തുടരാനോ കഴിയില്ല.