കൊച്ചി : ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സ്വീകരിച്ചതും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കി ഒക്ടോബർ 17 നകം ജില്ലാ കളക്ടർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തകർന്ന റോഡുകൾ നന്നാക്കാൻ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിർദ്ദേശിക്കണെമന്നാവശ്യപ്പെട്ട് എറണാകുളത്തെ സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത് കുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.

റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നിർദ്ദേശം പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഹർജി ഒക്ടോബർ 17 ന് വീണ്ടും പരിഗണിക്കും. നഗരത്തിലെ റോഡുകൾ തകർന്ന നിലയിലായതു പരിഹരിക്കാൻ കളക്ടർ മുൻകൈ എടുത്തതും വീഴ്ച വരുത്തിയ ചില എൻജിനീയർമാർക്കെതിരെ നടപടിക്ക് മുതിർന്നതും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ഹർജിക്കാരന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കളക്ടറെ സ്വമേധയാ കക്ഷി ചേർത്താണ് സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചത്. 1998 ൽ ഇതേ ആവശ്യവുമായി ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ നിരവധി വിധികളുണ്ടെങ്കിലും പാലിക്കുന്നില്ലെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം.