കോലഞ്ചേരി: കാരുണ്യത്തിന്റെ ഹൃദയ സ്പർശവുമായി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ കൈത്താങ്ങ് . നിർധനരായ രണ്ട് ഹൃദ്രോഗികളുടെ ജീവിതം നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ തിരികെ പിടിച്ചു നല്കാൻ ഹൃദയ ശസ്ത്ര ക്രിയ പൂർണ്ണമായും സൗജന്യമായി നടത്തി.
മെഡിക്കൽ കോളേജിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നൂറു സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുടെ ആദ്യഘട്ടമായിരുന്നു ഇത്.
തൊടുപുഴ ചീനിക്കുഴി സ്വദേശി ടി.സി മാത്യു, മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി പി രാജീവ് എന്നിവർക്കായിരുന്നു ശസ്ത്രക്രിയ.
ഹൃദയ ധമനികളിൽ നാല് ബ്ളോക്കുമായി എത്തിയതാണ് ഇരുവരും. ഭക്ഷണമുൾപ്പടെ സൗജന്യമായി ലഭ്യമാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം നാലാം ദിവസം വീട്ടിൽ പോകാനുമായി. മാത്യു ചെറിയ പെട്ടിക്കട നടത്തുകയും, രാജീവ് ഓട്ടോ തൊഴിലാളിയുമാണ്. രണ്ടു മാസത്തെ വിശ്രമത്തിനു ശേഷം ഇരുവർക്കും തിരികെ ജോലിയിൽ പ്രവേശിക്കാനുമാകും. കാർഡിയാക് വിഭാഗത്തിലെ ഡോക്ടർമാരായ സജി രാധാകൃഷ്ണൻ നായർ, സ്മാർട്ടിൻ എബ്രാഹം, സുജിത് അലക്സാണ്ടർ കുര്യൻ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത്.
തുടർ പരിശോധനകളും മരുന്നുകളും ആവശ്യമാണെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഈപ്പൻ പുന്നൂസ്, വിനു ജോയി, പി.ജി അനീഷ് എന്നിവർ പറഞ്ഞു. നിർധനരായ രോഗികൾക്ക് തികച്ചും സൗജന്യമായ ഈ സേവനം ലഭ്യമാകാൻ വിളിക്കുക: 8281574315.