കൊച്ചി : മരടിലെ ഫ്ളാറ്റുകൾ വാങ്ങിയതിന്റെ യഥാർത്ഥ രേഖകളും വില നൽകിയതിന്റെ തെളിവുകളും ഈമാസം 17നുള്ളിൽ നഗരസഭാ സെക്രട്ടറിക്ക് സമർപ്പിക്കാൻ നഷ്ടപരിഹാരം നിർണയിക്കുന്ന ജസ്റ്റിസ് കെ. ബാലകൃഷ്ണൻനായർ കമ്മിഷൻ ഉടമകളോട് നിർദ്ദേശിച്ചു.

ഫ്ളാറ്റ് നിർമ്മാതാക്കളും ഇതുസംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണം. നഷ്ടപരിഹാര നടപടികൾ ലഘൂകരിക്കാനും ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു.

ഫ്ളാറ്റുടമകൾ കരമടച്ചതും മറ്റുമായ രേഖകളുടെ വിവരങ്ങൾ നഗരസഭാ സെക്രട്ടറിക്ക് നൽകിയിരുന്നു. ഇവ

കമ്മിഷന് കൈമാറി.

ഫ്ളാറ്റ് പൊളിക്കാൻ സർക്കാർ നിയോഗിച്ച സബ് കളക്ടർ സ്നേഹിൽകുമാർ സിംഗും സിറ്റിംഗിൽ ഹാജരായി.

ഫ്ളാറ്റുടമകൾക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കകം നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ബാക്കി നഷ്ടം നിശ്ചയിക്കാനാണ് കമ്മിഷനെ നിയമിച്ചത്.

നഷ്ടപരിഹാരത്തിന് 241 ഫ്ളാറ്റുടമകൾ ഇതുവരെ അപേക്ഷിച്ചു. 54 ഫ്ളാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണ് ഇപ്പോഴുമെന്നാണ് സൂചന.

സമർപ്പിക്കേണ്ട വിവരങ്ങൾ

• നൽകിയ വിലയും പണമിടപാടും സംബന്ധിച്ച യഥാർത്ഥ രേഖകൾ

• അപേക്ഷയ്ക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മിഷൻ നേരത്തേ നിർദ്ദേശിച്ചിരുന്നു

• വാങ്ങിയ വിലയുടെ വിവരങ്ങൾ നിർമ്മാതാക്കൾ നൽകണം