പെരുമ്പാവൂർ : പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകി. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ആന്റണി ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. 21 കിലോമീറ്റർ ദൂരം പെരുമ്പാവൂർ മണ്ഡലത്തിലാണ് . നവംബർ മാസത്തിൽ ചേരുന്ന കിഫ്ബി ഗവേണിംഗ് ബോഡി പദ്ധതിക്ക് അന്തിമാനുമതി നൽകുമെന്നും എം.എൽ.എ അറിയിച്ചു.
നവീകരിച്ച മൂന്നാർ റോഡ് ഉടനെ
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മൂന്ന് വർഷം കാലതാമസം വേണ്ടി വരുന്നതിനാൽ സുഗമമായ യാത്രക്കായി ആലുവ മൂന്നാർ റോഡ് ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കും. ആലുവ - പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡും ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനും അനുമതി നൽകി. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. ഈ രണ്ട് പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കി സമർപ്പിക്കുവാൻ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് യോഗം നിർദ്ദേശം നൽകി.
മുപ്പത് മുതൽ നാൽപ്പത് മീറ്റർ വരെ ഈ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. റോഡുകളുടെ നവീകരണം പൂർത്തികരിച്ചാൽ സമൂഹ്യാഘാത പഠനം നടത്തിയതിന് ശേഷമാകും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഈ റോഡ് ഏറ്റവും ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനും വെള്ളക്കെട്ട് ഉൾപ്പെടുന്ന പ്രദേശത്ത് റോഡ് ഉയർത്തി കാനകൾ നിർമ്മിക്കുന്നതിനും കൈവരികൾ സ്ഥാപിക്കുന്നതിനുമുള്ള 134 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ രൂക്ഷമായ ഗതാഗത കുരുക്ക് കൂടി കണക്കിലെടുത്ത് പദ്ധതി നാല് വരി പാതയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാൻ യോഗം നിർദ്ദേശിക്കുകയായിരുന്നു.കിഫ്ബി ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. കെ.എം എബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ആലുവ മൂന്നാർ റോഡ് ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കും