വൈപ്പിൻ : സെവൻത് കേരള നേവൽ എൻ.സി.സി യൂണിറ്റ് സംഘടിപ്പിച്ച സാഹസിക നാവിക പര്യടനയാത്രക്ക് വൈപ്പിനിൽ സ്വീകരണം നൽകി. കൊച്ചി നേവൽബേസിൽ നിന്ന് ദേശീയ ജലപാതയിലൂടെ ആരംഭിച്ച പര്യടനമാണ് കോട്ടപ്പുറം മുസിരിസ് യാർഡ് വഴി നാല്പത് കിലോമീറ്ററോളം സഞ്ചരിച്ചശേഷം എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെത്തിയത്. എൻ.സി.സി സെക്കൻഡ് ഓഫീസർ സുനിൽമാത്യുവും കേഡറ്റുകളും സ്വീകരണം നൽകി.
നാവികസേനയുടെ പ്രത്യേകം സജ്ജീകരിച്ച പായ്‌വഞ്ചിയിലാണ് സംഘം പര്യടനം നടത്തുന്നത്. 27 ഡി.കെ വെയ്ലർ എന്ന മൂന്ന് പ്രത്യേകഇനം പായ്‌വഞ്ചികളിലാണ് യാത്ര. ഒരു പായ്‌വഞ്ചിയിൽ ആറു പേരുണ്ടാകും. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് സഞ്ചാരം. കാറ്റില്ലെങ്കിൽ തുഴ ഉപയോഗിച്ചായിരിക്കും യാത്ര. രാവിലെ 7ന് ആരംഭിക്കുന്ന പരിശീലനം വൈകിട്ട് 5 മണി വരെ ഉണ്ടാകും. നാവിസേനയുടെ ബോട്ടും സംഘത്തെ അനുഗമിക്കുന്നുണ്ട്.
60 സീനിയർ ഡിവിഷൻ കേഡറ്റുകളും നാവിക സേനാഗംങ്ങൾ ഉൾപ്പെടെ 10 യൂണിറ്റഗംങ്ങളും അടങ്ങുന്നതാണ് പര്യടനസംഘം. കേഡറ്റുകളിൽ 25പേർ പെൺകുട്ടികളാണ്.
നീന്തൽശേഷി, കായികക്ഷമത, അഭിരുചി, സന്നദ്ധത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സംഘത്തെ തിരഞ്ഞെടുക്കന്നത്. യാത്രയ്ക്ക് മുന്നോടിയായി സീമെൻഷിപ്പ് സ്‌കൂളിൽ സംഘത്തിന് പരിശീലനം നൽകിയിരുന്നു. ദീർഘദൂര നാവിക പര്യടനം കേഡറ്റുകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ചിട്ടുള്ള പര്യടനം 14 ദിവസം കൊണ്ട് 342 കിലോമീറ്റർ സഞ്ചരിക്കും. കൊച്ചിയിൽ നിന്ന് കോട്ടപ്പുറംവരെയും അവിടെനിന്ന് കൊല്ലം വരെയും തിരിച്ച് കൊച്ചിയിലേക്കുമാണ് പരിശീലനം പ്ലാൻ ചെയ്തിട്ടുള്ളത്. 24 ന് പരീശീലനയാത്ര സമാപിക്കും.
കൊച്ചി നേവൽബേസിൽ സതേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ആർ.ജെ. നട്ക്കർണിയാണ് പര്യടനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതോടനുബന്ധിച്ച് ജലസംരക്ഷണം, മാലിന്യ നിയന്ത്രണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ കേഡറ്റുകൾ സൈക്കിൾ റാലി, ഫ്‌ളാഷ് മോബ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. നേവി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌കൂളിലെ നേവൽ എൻ.സി.സി കേഡറ്റുകൾക്ക് കോട്ടപ്പുറം മുതൽ ചെറായി വരെ സാഹസിക യാത്ര പരിശീലനം നൽകി.