# കായലിന്റെ ആഴം പകുതിയോളം കുറഞ്ഞു

# ആവാസവ്യവസ്ഥ തകിടം മറിയുന്നു

കൊച്ചി : വേമ്പനാട്ട് കായലിന്റെ കൊച്ചി, ആലപ്പുഴ മേഖലകളിൽ പ്ളാസ്റ്റിക് മാലിന്യം അപകടകരമായി അടിഞ്ഞുകൂടുന്നു. കായലിന്റെ ആഴം ഭീതിജനകമായ തോതിൽ കുറയുകയാണ്. കായലിൽ മാത്രമല്ല, തീരത്തും കരയിലും പ്‌ളാസ്റ്റിക് കുമിഞ്ഞുകൂടുന്നത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പഠന റിപ്പോർട്ട്.

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

തണ്ണീർമുക്കം, ആലപ്പുഴ ഭാഗങ്ങളിൽ വേമ്പനാട്ട് കായലിന്റെ അടിത്തട്ടിൽ ചുരുങ്ങിയത് 4276 ടൺ പ്‌ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. അവിടെ കായലിന്റെ വിസ്തീർണം 76.5 ചതുശ്ര കിലോമീറ്ററാണ്

# എക്കലടിഞ്ഞും ആഴപ്പരപ്പ് കുറയുന്നു
1930 ൽ തണ്ണീർമുക്കം, ആലപ്പുഴ മേഖലകളിൽ കായലിന്റെ ആഴം എട്ട് മുതൽ ഒമ്പത് മീറ്ററായിരുന്നു. ഇപ്പോഴത് 1.6 മുതൽ 4.5 മീറ്ററായി കുറഞ്ഞു. വൻതോതിൽ എക്കൽ വന്നിടിയുന്നതാണ് കായലിന്റെ ആഴപ്പരപ്പ് കുറയാൻ കാരണം. ഇതു തുടർന്നാൽ രണ്ട് പതിറ്റാണ്ടിനുള്ളിൽ വേമ്പനാട്ട് കായൽ ഇല്ലാതാകും.

കേന്ദ്രസർക്കാരിന്റെ 'സ്വച്ഛതാ ഹി സേവ' പദ്ധതിയുടെ ഭാഗമായാണ് കുഫോസ് ഒരു വർഷം നീണ്ട പഠനം നടത്തിയത്. കുഫോസിലെ പ്രൊഫസറും പ്രമുഖ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.വി.എൻ. സജീവനാണ് നേതൃത്വം നൽകിയത്.

# മാലിന്യങ്ങൾ പ്രദർശിപ്പിക്കും

പഠന റിപ്പോർട്ട് ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം മറൈൻഡ്രൈവിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ബോധവത്കരണ പരിപാടിയിൽ വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ പ്രകാശനം നിർവഹിക്കും. പഠനത്തിന്റെ ഭാഗമായി ഗവേഷകർ കായലിന്റെ പലഭാഗത്തു നിന്നു ശേഖരിച്ച ടൺ കണക്കിന് പ്‌ളാസ്റ്റിക് മാലിന്യത്തിന്റെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങൾ തരം തിരിച്ച് പ്രദർശിപ്പിക്കും.

# രക്ഷയ്ക്ക് പദ്ധതി

പ്ളാസ്റ്റിക് മാലിന്യങ്ങൾ കായലിന്റെ സ്വഭാവികമായ ജൈവപരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും തകിടം മറിക്കുകയാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ വേമ്പനാട്ട് കായൽ പ്‌ളാസ്റ്റിക് മാലിന്യമുക്തമാക്കുന്ന ബഹൃത് പരിപാടി നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് കുഫോസ്.

ഡോ.എ. രാമചന്ദ്രൻ

വൈസ് ചാൻസലർ

കുഫോസ്.

കായലിന്റെ അടിത്തട്ടിൽ ഓരോ ചതുരശ്ര കിലോമീറ്ററിലും ശരാശരി 55.9 ടൺ പ്‌ളാസ്റ്റിക് മാലിന്യം