കോലഞ്ചേരി: മനയ്ക്കക്കടവ് - കിഴക്കമ്പലം, പട്ടിമറ്റം - നെല്ലാട് ,പട്ടിമറ്റം - പത്താം മൈൽ റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി റോഡരികിൽ നിന്ന വൻ മരങ്ങൾ വെട്ടി മാറ്റാൻ ടെൻഡർ നടപടികളായി. മാവും , പ്ളാവുമുൾപ്പടെ 46 വൻ മരങ്ങൾ വെട്ടി മാറ്റുന്നതിനായുള്ള നടപടികൾക്കാണ് സർക്കാരിന്റെ അംഗീകാരം ലഭിച്ചത്. ചേർന്നു നില്ക്കുന്ന മരങ്ങൾ റോഡ് വീതി കൂട്ടുന്നതിന് ഏറെ തടസം സൃഷ്ടിച്ചിരുന്നു. മരങ്ങൾ വെട്ടി മാറ്റുന്നതോടെ ഇഴഞ്ഞു നീങ്ങിയ പണികൾക്ക് വേഗതയേറും.കിഫ്ബിയുടെ പദ്ധതിയിൽ 30.91 കോടി രൂപ മുടക്കിയാണ് റോഡ് വികസനം പൂർത്തിയാക്കുന്നത്. സ്ഥലമേറ്റെടുക്കൽ വൈകുകയും, റോഡിലെ കാന നിർമ്മാണം ഇഴയുകയുംചെയ്തു. വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിന് കാല താമസമുണ്ടായി. മഴ മാറാതെ പെയ്തതോടെ പലയിടത്തും റോഡില്ലാതെയായി . ഇപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ് യാത്രദുരിത പൂർണമാണ്. കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച പൈപ്പുകൾ കാലപ്പഴക്കം കൊണ്ട് പൊട്ടുന്നത് പതിവായി. ഇതേ തുടർന്ന് മുഴുവൻ പൈപ്പുകളും മാറ്റി സ്ഥാപിക്കുകയാണ് .. വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള തുക ബോർഡിൽ അടച്ചു കഴിഞ്ഞു. മഴ കുറഞ്ഞാൽ പണി ദ്രുത ഗതിയിൽ പൂർത്തിയാക്കാനാകുമെന്ന് വി. പി സജീന്ദ്രൻ എം.എൽ.എ പറഞ്ഞു. 2018 ജൂലായിൽ കരാർ ചെയ്ത റോഡിന്റെ പണി 18 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉടമ്പടിയായത്. മൂന്നു വർഷം വരെ റോഡിന് അറ്റ കുറ്റ പണി വന്നാൽ കരാറുകാരൻ സ്വന്തം ചെലവിൽ പൂർത്തിയാക്കണം.
വൻ മരങ്ങൾ വെട്ടി മാറ്റാൻ ടെൻഡർ
പൈപ്പുകൾ മാറ്റുന്ന പണി അന്തിമ ഘട്ടത്തിൽ
ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കും