കിഴക്കമ്പലം : മോറയ്ക്കാല താളിക്കല്ല് നിവാസികളെ ഓട്ടോ റിക്ഷക്കാരും ഉപേക്ഷിച്ചു. പുറം ലോകത്തെത്താൻ നടപ്പു മാത്രം ശരണം. അത്ര കണ്ട് പൊട്ടി പൊളിഞ്ഞ സ്ഥിതിയിലാണ് കുന്നത്തുനാട് പഞ്ചായത്തിലെ മോറക്കാല താളിക്കല്ല് - മഞ്ചേരി കുഴി റോഡ്.കഷ്ടപ്പാടുകൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയായിട്ടില്ല.സമീപത്തെ പാറമടകളിൽ നിന്നും വെള്ളം കുത്തിയൊഴുകിയതോടെ റോഡിന്റെ തകർച്ച പൂർണ്ണമായി. മോറയ്ക്കാലയിൽ നിന്നും മാഞ്ചേരിക്കുഴിയിലേയ്കായി പോകുന്ന റോഡിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പ്രദേശവാസികൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പോകേണ്ട സാഹചര്യങ്ങളിലും ഈ റോഡിനെ ആശ്രയിക്കാതെ നിവൃത്തിയില്ല . റോഡ് മോശമായതോടെ ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാത്ത സാഹചര്യമാണുള്ളത്. ഇക്കാരണത്താൽ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും ബസ് സ്റ്റോപ്പിലെത്തുന്നത്. മഞ്ചേരി കുഴി, പാലം പണി നടക്കുന്നതിനാൽ വലിയ ഭാരവണ്ടികളും ഇതുവഴി പോകുന്നുണ്ട്. ഇതോടെ സ്‌കൂൾ വണ്ടികൾക്കു പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.