maliyniyam
ചൂർണിക്കരയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയുടെ നേതൃത്വത്തിൽ പിടികൂടിയപ്പോൾ

ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിക്ക് സമീപം രാത്രിയുടെ മറവിൽ മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിടികൂടി. കമ്പനിപ്പടി അനുഗ്രഹ ലൈനിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് പിടിയിലായത്. മറ്റൊരുസംഘം രക്ഷപെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് സംഭവം.

ബൈക്കിലെത്തിയ പ്രതികൾ രണ്ട് വലിയ പ്ലാസ്റ്റിക് കവറുകളിലാണ് മാലിന്യം കൊണ്ടുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയുടെ നേതൃത്വത്തിൽ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. വിവിധ കാറ്ററിംഗ് ഏജൻസികളിൽ നിന്നും ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കുന്നതിന് കരാർ എടുക്കുന്നവരാണ് പ്രതികളെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്പനിപ്പടിയിൽ കൂടിക്കിടന്ന മാലിന്യം പണം ചെലവഴിച്ച് അടുത്തിടെ നീക്കം ചെയ്തിരുന്നു. തുടർന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന ബോർഡും സ്ഥാപിച്ചു. എന്നാൽ ഇത് കാര്യമാക്കാതെ വീണ്ടും സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നത് തുടർന്നപ്പോഴാണ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉറക്കമിളച്ചിരുന്ന് പ്രതികളെ പിടികൂടാൻ തീരുമാനിച്ചത്. ആദ്യദിവസം തന്നെ ഇവർ പിടിയിലായി. ഇവരെ തടഞ്ഞുവച്ച് പൊലീസ് വരാൻ കാത്തുനിൽക്കുന്നതിനിടെ നമ്പറില്ലാത്ത ജീപ്പിൽ മറ്റൊരു സംഘവും ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയിരുന്നു. രംഗം പന്തിയല്ലെന്ന് കണ്ട് ഇവർ രക്ഷപെടുകയായിരുന്നു.

ഇന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെയാണ് ജനങ്ങൾക്കൊപ്പം എന്ന സന്ദേശവുമായി പ്രസിഡന്റിന്റെ പ്രവർത്തനം തുടരുന്നത്.


പ്രസിഡന്റിനെതിരായ അവിശ്വാസ ചർച്ച ഇന്ന്

ആലുവ: യു.ഡി.എഫിൽ നിന്ന് ചൂർണിക്കര പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനായി എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കും. മുന്നണിയിലേക്ക് മടങ്ങിയ എൻ.സി.പിയുടെ സഹായത്തോടെ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാനാണ് സാദ്ധ്യത.

നേരത്തെ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ സി.പി.എം ആലുവ ഏരിയാ സെക്രട്ടറിയായതിനെ തുടർന്ന് പദവി ഒഴിയുകയായിരുന്നു. എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന എൻ.സി.പി അംഗവും സ്വതന്ത്രനും കൂറുമാറിയത് ഭൂരിപക്ഷം ഇല്ലാതാക്കി. കക്ഷിനില 9 - 9 എന്ന് വരികയും നറുക്കെടുപ്പിൽ യു.ഡി.എഫിലെ ബാബു പുത്തനങ്ങാടിയെ ഭാഗ്യം പിന്തുണയ്ക്കുകയുമായിരുന്നു. കോൺഗ്രസുകാരനായ പി.കെ. യൂസഫിന് പാർട്ടി സീറ്റ് നിഷേധിച്ചതിനാൽ തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെയാണ് പഞ്ചായത്തംഗമായത്. കൂറുമാറിയെത്തിയ യൂസഫിന്റെ പിന്തുണയോടെ പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും കോൺഗ്രസ് പിടിച്ചെടുത്തു.

ഇതിന്റെ വാശി മുന്നണികൾ തമ്മിൽ നിലനിൽക്കുന്നതിനിടെയാണ് റോഡ് നിർമ്മാണത്തിന്റെ പേരിൽ പഞ്ചായത്ത് യോഗത്തിനിടെ സംഘർഷം നടന്നത്. ഉദയകുമാറിന് പിൻഗാമിയായി പ്രസിഡന്റാകാൻ മത്സരിച്ച് തോറ്റ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനായ കെ.എ. ഹാരിസും യൂസഫും തമ്മിലാണ് പരസ്പരം ആക്രമണം നടന്നത്. അതിനാൽ യൂസഫിന്റെ സഹായം ഇല്ലാതെ മടങ്ങിവന്ന എൻ.സി.പി അംഗത്തിന്റെ ബലത്തിൽ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.