കൊച്ചി : മരടിൽ പൊളിക്കുന്ന ഫ്ളാറ്റുടമകളിൽ 14 പേർക്ക് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകി. ഇവരിൽ മൂന്നുപേർക്ക് 25 ലക്ഷം രൂപ വീതം ലഭിക്കും. മറ്റുള്ളവർക്ക് 13 മുതൽ 21.28 ലക്ഷം രൂപ വരെ നൽകാനാണ് ശുപാർശ.
ഗോൾഡൻ കായലോരം, ആൽഫ സെറീൻ, ജെയിൻ കോറൽ കോവ് എന്നിവയിലെ ഉടമകൾക്കാണ് തുക ലഭിക്കുക. 51 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ജെയിൻ കോറൽ കോവിലെ ഫ്ളാറ്റുടമകൾക്കാണ് 25 ലക്ഷം രൂപ ലഭിക്കുക.
സമിതിയുടെ നിർദേശം പ്രകാരം മരട് നഗരസഭയിൽ 25 ഫ്ളാറ്റുടമകൾ രേഖകൾ സമർപ്പിച്ചു. ഇവ പരിശോധിച്ചാണ് 19 പേരുടെ നഷ്ടപരിഹാര അപേക്ഷകൾ ഇന്നലെ സമിതിക്ക് സമർപ്പിച്ചത്. ഇവയിൽ 14 പേർക്ക് തുക നൽകാനാണ് ശുപാർശ. മറ്റുള്ളവരുടെ അപേക്ഷകൾ രേഖകളുടെ കുറവ് മൂലമാണ് മാറ്റിവച്ചത്.