flatfoam
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ തെക്ക് ഭാഗത്ത് ഫുട്ട് ഓവർ ബ്രിഡ്ജില്ലാത്തതിനാൽ യാത്രക്കാർ പാളം കുറുകെ കടക്കുന്നു

അങ്കമാലി : പേരും പെരുമയുമൊക്കെയുണ്ടെങ്കിലും അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. യാത്രക്കാരെ നോക്കുകുത്തിയാക്കി നിരവധി ദീർഘദൂര ട്രെയിനുകൾ ഇവിടെ നിറുത്താതെ ചൂളംമുഴക്കിപ്പായുന്നു. അതേ അങ്കമാലി റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടുകയാണ്.

കേരളത്തിൽ ഏറ്റവും അധികം സീസൺ ടിക്കറ്റ് യാത്രക്കാർ ഉള്ള റെയിൽവേ സ്റ്റേഷൻ എന്ന പേരിലും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനെന്ന നിലയിലും ഖ്യാതിനേടിയ അങ്കമാലി റെയിൽവേ സ്റ്റേഷന് ഭരണാധികാരികളോ ഉദ്യോഗസ്ഥരോ അർഹമായ പരിഗണന നൽകുന്നില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും ഉന്നയിക്കുന്ന പ്രധാന പരാതി.

അയ്യായിരത്തിലേറെ യാത്രക്കാരാണ് ദിനംപ്രതി അങ്കമാലി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഒരു മിനിറ്റാണ് ദീർഘദൂര ട്രെയിനുകൾ നിറുത്തുന്നത്. ഈ സമയത്തിനുള്ളിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർക്ക് ട്രെയിനിൽ കയറിപ്പറ്റുക സാഹസമാണ്. ഇവിടെ നിറുത്തുന്ന സമയം ചുരുക്കിയതോടെ പാഴ്‌സൽ സർവീസുംനിന്നു.

രാവിലെ ഉണ്ടായിരുന്ന ഐലൻഡ് എക്‌സ് പ്രസ് സമയം മാറ്റിയതും ഡെമു സർവീസ് നിർത്തലാക്കിയതും എറണാകുളത്തേക്കുള്ള യാത്രക്കാരെ ബദൽ മാർഗത്തിലേക്ക് തിരിച്ചുവിട്ടു. വൈകിട്ടെത്തുന്ന ഏറനാട് എക്‌സ് പ്രസ് , പാലരുവി എക്‌സ് പ്രസ് എന്നിവയ്ക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്. മെമു സർവീസ് ദിനം പ്രതിയാക്കണമെന്നും എറണാകുളം- പാലക്കാട് റൂട്ടിൽ ഒരു മെമു സർവീസ് കൂടി ആരംഭിക്കണമെന്നും സീസൺ ടിക്കറ്റ് യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്.

# അവഗണനയ്ക്ക് അതിരില്ല

ഇവിടെ ട്രെയിൻ സമയം അറിയുന്നതിനോ സംശയനിവാരണത്തിനോ അന്വേഷണ വിഭാഗമില്ല. പ്ലാറ്റ്‌ഫോമുകളുടെ പകുതി ഭാഗത്ത് പോലും റൂഫിംഗ് സംവിധാനമില്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയും കൊള്ളുകയാണ്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒരു ഫാൻ പോലും ഇല്ല . റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് ഇല്ല. ഇവിടെ പാളം മുറിച്ചുകടക്കുന്നത് വൻ അപകടം ക്ഷണിച്ച് വരുത്തുകയാണ്. പാളം മുറിച്ച് കടന്ന അയ്യമ്പുഴ സ്വദേശിയായ വിദ്യാർത്ഥിനി ഇവിടെ ട്രെയിനിടിച്ച് ജീവഹാനി സംഭവിച്ചിട്ടും അധികാരികൾക്ക് അനക്കമില്ല.