 കിഫ്ബി ഉദ്യോഗസ്ഥർ 23ന് ആലുവ സന്ദർശിക്കും

ആലുവ: ആലുവ - മൂന്നാർ സംസ്ഥാന പാതയിൽപ്പെട്ട ആലുവ - കോതമംഗലം റോഡ് ആദ്യഘട്ടമായി നാല് വരിപ്പാതയാക്കി വികസിപ്പിക്കാൻ നടപടിയാരംഭിച്ചു. ഇതോടൊപ്പം ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡും നാലുവരിപ്പാതയാക്കും.
ആലുവ നഗരത്തിൽ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പഠനം നടത്താൻ 23ന് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് കിഫ്ബി ഓഫീസിൽ എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് റോഡ് വികസനം സംബന്ധിച്ച തീരുമാനമെടുത്തത്. ആലുവയ്ക്ക് പുറമെ കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിലൂടെയാണ് ഇരുറോഡുകളും കടന്ന് പോകുന്നത്.
നിലവിലുള്ള ആലുവ - കോതമംഗലം റോഡും ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡും നാല് വരിയാക്കണമെങ്കിൽ ഇരുവശത്തും അഞ്ചരമീറ്ററിൽ കുറയാതെ സ്ഥലം ഏറ്റെടുക്കേണ്ടി വരും. നിലവിൽ ഇരുറോഡുകളിലെയും വാഹനപ്പെരുപ്പം കണക്കിലെടുത്ത് ആറ് വരിപ്പാതയാക്കണമെന്ന നിർദ്ദേശമാണ് കിഫ്ബി ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചത്. എന്നാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എം.എൽ.എമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നാല് വരിപ്പാതയാക്കാൻ ധാരണയായത്.
ആലുവ - മൂന്നാർ റോഡ് ദേശീയപാതയിൽ ആലുവ പുളിഞ്ചോട് കവലയിൽ നിന്നാരംഭിച്ച് കാരോത്തുകുഴി, ഗവ. ആശുപത്രി, പവർഹൗസ് കവലകൾ വഴിയാണ് പെരുമ്പാവൂരിലെത്തുന്നത്. തുടർന്ന് കോതമംഗലത്തേക്ക് പ്രവേശിക്കും. 38.6 കിലോമീറ്ററാണ് ദൂരം. ആലുവ മണ്ഡലത്തിൽ എം.ഇ.എസ് കവല വരെ 7.6 കിലോമീറ്ററുണ്ട്. ആലുവ - പെരുമ്പാവൂർ റോഡ് ദേശീയപാതയിൽ ആലുവ ബൈപ്പാസിൽ നിന്നാരംഭിച്ച് പാലസ് റോഡ്, പമ്പ് കവല വഴി ദേശസാത്കൃത റോഡ് വഴി പെരുമ്പാവൂരിലെത്തും. പാലക്കാട്ടുതാഴം പാലം വരെ 14.5 കിലോ മീറ്ററാണ് നീളം കണക്കാക്കിയിട്ടുള്ളത്.


ആലുവ മാർക്കറ്റ് റോഡ് വികസനവും പരിശോധിക്കും
ആലുവ - മൂന്നാർ റോഡ് വികസനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന കിഫ്ബി സംഘം ആലുവ നഗരത്തിലെ മാർക്കറ്റ് റോഡ് വികസനത്തെക്കുറിച്ചും ഗവ. ആശുപത്രി കവലയിലെ ടൂറിസ്റ്റ് ടാക്‌സി സ്റ്റാൻഡിൽ നിന്നും ബോയ്‌സ് സ്‌കൂൾ ഭാഗത്തേക്ക് റെയിൽവേ ലൈനിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകളും പരിശോധിക്കും. അൻവർ സാദത്ത് എം.എൽ.എയുടെ ആവശ്യപ്രകാരമാണ് ഇതുകൂടി പരിഗണിക്കുന്നത്.