 സി.ജി.രാജഗോപാലിന്റെ വാഹന പര്യടനത്തിന് തുടക്കമായി
കൊച്ചി: കോൺഗ്രസ് ആശയമില്ലാത്ത പാർട്ടിയായി മാറിയെന്നും ആമാശയ രാഷ്ട്രീയമാണ് ഇന്ന് അവരെ നയിക്കുന്നതെന്നും ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു ഡ്യൂപ്ലിക്കേറ്റ് കോൺഗ്രസാണ് ഇന്ന് രാജ്യത്തുള്ളത്. ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇക്കാലമത്രയും കോൺഗ്രസ് പ്രവർത്തിച്ചത്. അധികാരമോഹികളുടെയും അവസരവാദികളുടെയും കൂടാരമായി കോൺഗ്രസ് മാറി. എൻ.ഡി.എ സ്‌ഥാനാർഥി സി.ജി. രാജഗോപാലിന്റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർക്സിസ്റ്റ് പാർട്ടിക്ക് ജനാധിപത്യ മര്യാദയില്ല. സാമാന്യമര്യാദ പോലുമില്ലാത്തവരാണ് സി.പി.എം പ്രവർത്തകർ. കേരളം ഒറ്റയാൻ തുരുത്തല്ലന്ന് തെളിയിക്കണം. ലോകവേദിയിൽ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിക്കൊപ്പം കൈകോർത്ത് നീങ്ങാൻ കേരളത്തിലെ ജനങ്ങളും തയാറാകണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ബി.ജെ.പി ആക്‌ടിംഗ് ജില്ലാ പ്രസിഡന്റ് വി.എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി - എൻ.ഡി.എ നേതാക്കളായ അഡ്വ. കെ.എസ്. ഷൈജു, എം.എൻ. മധു, ബി. ഗോപാലകൃഷ്ണൻ, കെ.എസ്. സുരേഷ്, ഗിരി, സതീശൻ ചെല്ലപ്പൻ, വിനോദ് തമ്പി, പദ്‌മജ എസ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.