കോലഞ്ചേരി:അസുഖ ബാധിതനായിരിക്കെ ആശുപത്രിയിലെത്തും വഴി മരണമടഞ്ഞ കേസുകളിൽ പോലും ഇനി പോസ്റ്റ് മോർട്ടം ഒഴിവാക്കികിട്ടില്ല. അസ്വഭാവിക മരണങ്ങളിലും വഴിമദ്ധ്യേ മരണമടഞ്ഞ കേസുകളിലും പോസ്റ്റ് മോർട്ടംനിർബന്ധമായി നടത്തണമെന്ന് പൊലീസിന് കർശന നിർദേശം. കൂടത്തായി കൊലപാതക പരമ്പരകളുടെ പാശ്ചാത്തലത്തിലാണ് നേരത്തെ സംസ്ഥാന പൊലീസ് മേധാവി നല്കിയ ഉത്തരവ് കൃത്യമായി നടപ്പാക്കണമെന്ന് നിർദ്ദേശം ലഭിച്ചത്. നേരത്തെ ഹൃദയാഘാതം മൂലം മരിച്ചെന്നുറപ്പുള്ള സംഭവങ്ങളും, ബന്ധുക്കൾക്ക് പരാതിയില്ലാത്ത അസ്വഭാവിക മരണങ്ങളും പോസ്റ്റ് മോർട്ടം ചെയ്യാൻ പൊലീസ് നിർബന്ധിക്കാറില്ല. ബന്ധുക്കളിൽ നിന്നും പരാതിയില്ലെന്ന് എഴുതി വാങ്ങി പോസ്റ്റ് മോർട്ടം ഒഴിവാക്കി കൊടുക്കാറുമുണ്ട്. കൂടത്തായി കേസുകൾ പലതും മരണ സമയത്ത് പോസ്റ്റ് മോർട്ടം ചെയ്തിരുന്നുവെങ്കിൽ അന്നേ പ്രതിയെ കണ്ടെത്താമായിരുന്നു. . പോസ്റ്റ് മോർട്ടം ചെയ്യുന്നതിനു മുമ്പായി പൊലീസ് പ്രേത പരിശോധന റിപ്പോർട്ട് തയ്യാറാക്കണം. രണ്ടര മുതൽ മൂന്നു മണിക്കൂർ വരെ സമയമെടുക്കുന്ന നടപടി ക്രമമാണ് ഇത്. സമയ നഷ്ടം ഒഴിവാക്കുന്നതിനാണ് പലരും പോസ്റ്റ് മോർട്ടം നടത്തേണ്ടെന്ന നിലപാട് എടുക്കുന്നത്. മതിയായ വെളിച്ചത്തിൽ മാത്രമേ പ്രേത പരിശോധന റിപ്പോർട്ട് എടുക്കാവൂവെന്നാണ് നിയമം.
ഡോക്ടർമാർ പാടുപെടും
ആശുപത്രികളിൽ കിടന്ന് മരിച്ച സംഭവങ്ങൾ ഒഴിച്ച് മറ്റൊരു കേസുകളിലും ആശുപത്രി സർട്ടിഫിക്കറ്റുകളിൽ മരണ കാരണം എഴുതി നൽകുന്നില്ല. മരണ കാരണം എഴുതാത്ത സംഭവങ്ങൾ താലൂക്ക് ആശുപത്രികളിലോ, പി.എച്ച് സെന്ററുകളിലോ പോസ്റ്റ് മോർട്ടം ചെയ്യാൻ കഴിയില്ല. അത്തരം കേസുകൾ പൊലീസ് സർജൻ തന്നെ പോസ്റ്റ് മോർട്ടം ചെയ്യണമെന്നാണ് ചട്ടം.ജില്ലയിൽ കളമശ്ശേരി സഹകരണ മെഡിക്കൽ കോളേജിലാണ് പൊലീസ് സർജനുള്ളത്. ജില്ലയിൽ നടക്കുന്ന മുഴുവൻ അസ്വഭാവിക മരണങ്ങളും പോസ്റ്റ് മോർട്ടം ചെയ്യേണ്ടി വരുന്നതോടെ ഡോക്ടർമാരും വിഷമിക്കും