കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമത്തെക്കുറിച്ചുള്ള ലേഖനസമാഹാരമായ ബുധസംഗമ സ്മൃതികൾ പുറത്തിറക്കി. മുൻ ലളിതകലാ അക്കാഡമി സെക്രട്ടറി ശ്രീമൂലനഗരം മോഹൻ പുസ്തകം പ്രകാശിപ്പിച്ചു. ലൈബ്രറി ജോ. സെക്രട്ടറി രഞ്ജൻ വേലിക്കത്തറയാണ് ലേഖനങ്ങൾ സമാഹരിച്ചത്. കവി മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ. സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്കൃത യൂണിവേഴ്സിറ്റി സാഹിത്യവിഭാഗം പ്രൊഫ. ഡോ. കെ.എം. സംഗമേശൻ പുസ്തകം പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ജയപ്രകാശ് ഒക്കൽ, സെക്രട്ടറി കാലടി എസ്‌. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

582 വാരങ്ങൾ പിന്നിട്ട ബുധസംഗമത്തിലെ പ്രധാന പ്രസംഗങ്ങൾ, പത്രവാർത്തകൾ, ലേഖനങ്ങൾ, പ്രബന്ധങ്ങൾ, മേൽവിലാസ ഡയറി, സന്ദർശക കുറിപ്പുകൾ, ഗ്രന്ഥശാലയെക്കുറിച്ചുള്ള മഹദ് വചനങ്ങൾ തുടങ്ങിയവ പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. ലൈബ്രറിയുടെ ഏഴാമത് പുസ്തകത്തിന്റെ ചിത്രങ്ങൾ ആർട്ടിസ്റ്റ് ജയശങ്കറാണ് വരച്ചത്. കവർ രൂപകൽപ്പന അമ്പാടി കണ്ണനും കൈയെഴുത്ത് പ്രതികൾ ജയപ്രകാശ് ഒക്കലും നിർവഹിച്ചു.