highcourt

കൊച്ചി : നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയ വനം വകുപ്പിന്റെ നടപടിയെക്കുറിച്ച് എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. 24 നകം വിശദീകരണ പത്രിക നൽകണം. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജമേഷ് മാത്യു നൽകിയ ഹർജിയിൽ മോഹൻലാൽ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. സമാന വിഷയത്തിലുള്ള മറ്റു ഹർജികൾക്കൊപ്പം ഇതും പരിഗണിക്കും. 2011 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹൻലാലിന്റെ വസതിയിൽ ആനക്കൊമ്പുകൾ കണ്ടെത്തിയത്. രണ്ട് ജോഡി ആനക്കൊമ്പുകളും ആനക്കൊമ്പിലുള്ള 13 കലാശില്പങ്ങളും കണ്ടെത്തിയെന്ന് ഹർജിയിൽ പറയുന്നു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകളും ശില്പങ്ങളും പിടിച്ചെടുക്കാൻ നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.