കൊച്ചി : വൈറ്റില ഫ്ളൈ ഓവർ നിർമ്മാണംമാർച്ചിൽ പൂർത്തിയാക്കാൻസാദ്ധ്യതയില്ല. നിർമ്മാണത്തിൽ വീഴ്ചകളുണ്ടായെന്ന ആരോപണത്തെ തുടർന്ന് നിലച്ച പണികൾ ഇതുവരെപൂർണതോതിൽ പുനരാരംഭിച്ചില്ല. പലാരിവട്ടം ഫ്ളൈ ഓവറിനുണ്ടായ തകരാറിന്റെ പശ്ചാത്തലത്തിൽ നിർമ്മാണം സൂക്ഷ്‌മതയോടെ മതിയെന്നാണ് പൊതുമരാമത്ത് അധികൃതരുടെയും കരാറുകാരുടെയും നിലപാട്.
വൈറ്റില, കുണ്ടന്നൂർ ഫ്ളെെ ഓവറുകൾ മാർച്ചിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ആവർത്തിക്കുന്നുണ്ട്.എന്നാൽ നിർമ്മാണം പൂർത്തിയാകാൻ ആറു മാസത്തിലധികം വേണ്ടിവരുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ കണക്ക്.
അഞ്ചു തൊഴിലാളികളാണ് നിർമ്മാണ സൈറ്റിലുള്ളത്. പ്രധാന പണികളൊന്നും നടക്കുന്നില്ല. 13 കോടിയോളം രൂപ കരാറുകാർക്ക് സർക്കാരിൽ നിന്ന് കിട്ടാനുമുണ്ട്.
പണി മന്ദഗതിയിൽ
ഫ്ളെെ ഓവർ നിർമ്മാണത്തിലെ പാളിച്ചകൾ സംബന്ധിച്ച് പൊതുമാരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ റിപ്പോർട്ട് ചോർന്നതിനെ തുടർന്ന് മന്ദീഭവിച്ച നിർമ്മാണം പൂർണതോതിൽ പുനരാരംഭിക്കാൻ അധികൃതർക്കായിട്ടില്ല.
അൾട്രാസൗണ്ട് സ്കാനിംഗ് ഉൾപ്പെടെ ചെന്നെെ ഐ.ഐ.ടി സംഘം നടത്തിയ പരിശോധനയിൽ ഡെക്ക് സ്ളാബ്, ഗർഡർ എന്നിവയിലും കോൺക്രീറ്റിംഗിലും അപാകതയില്ലെന്ന് കണ്ടെത്തിയിരുന്നു. കോൺക്രീറ്റിംഗിന്റെ നിലവാരം സംബന്ധിച്ച് എൻജിനീർമാർക്ക് വ്യത്യസ്ത അഭിപ്രായമാണ്.കഴിഞ്ഞ ആറു മാസത്തിനിടയിൽ കാര്യമായ യാതൊരുപണിയും നടന്നിട്ടില്ല. സർക്കാരിന്റെ വ്യക്തമായ നിർദ്ദേശം ലഭിച്ചശേഷം മതി പൂർണതോതിൽ പണിയെന്ന നിലപാടിലാണ് കരാറുകാർ. ശ്രീധന്യ കൺസ‌്ട്രക്ഷൻസിന്റെ ഉപകരാറുകാരായ രാഹുൽ കൺസ‌്ട്രക്ഷൻസാണ‌് പാലം നിർമ്മിക്കുന്നത‌്.
# പണി ഇതുവരെ
70 ശതമാനം പണി പൂർത്തീകരിച്ചു.
ആകെ 116 ഗർഡറുകൾ
56 എണ്ണം കോൺക്രീറ്റ‌് ചെയ‌്തു.
40 എണ്ണം സ്ഥാപിച്ചു.
പാലാരിവട്ടം ഭാഗത്ത് മൂന്നു സ‌്പാനുകൾസ്ഥാപിച്ചു.
140 പൈലുകളിൽ 136 പൂർത്തിയായി.
പാലാരിവട്ടം ഭാഗത്തെ നാലെണ്ണം ബാക്കി.
30 പൈൽ ക്യാപ്പുകളിൽ 29 പൂർത്തിയായി.
തൂണുകൾ 34 ൽ 26 എണ്ണം പൂർത്തിയായി.
700 മീറ്റർ മേല്പാലത്തിന്റെ മദ്ധ്യത്തിലെ സ്പാനിന് 40 മീറ്റർ ഉയരം.
ഫ്ളൈ ഓവറിന്റെ വീതി 27.2 മീറ്റർ.
# കിഫ്ബിയും കേരള റോഡ് ഫണ്ട് ബോർഡുമാണ് ഫണ്ടിംഗ് ഏജൻസികൾ. ഫ്ളൈ ഓവറിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഗുണമേന്മാ പരിശോധനാ വിഭാഗവും സ്വതന്ത്ര ഏജൻസിയായ കോതമംഗലം എം.എ എൻജിനീയറിംഗ് കോളേജും പരിശോധനകൾ നടത്തുന്നുണ്ട്. പൊതുമരാമത്ത് ചീഫ് എൻജിനിയർ നിരീക്ഷണം നടത്തുന്നുണ്ട്. എക്‌സിക്യൂട്ടിവ് എൻജിനിയർമാർ മേൽനോട്ടത്തിനുണ്ട്.78 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.