ksrtc
ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ ബസ് ചെളിയിൽ പുതഞ്ഞ നിലയിൽ

ആലുവ: അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കനത്തമഴ കൂനിന്മേൽ കുരുവായി. ഇവിടെയെത്തുന്ന യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ദുരിതം വിവരണാതീതമാണ്. യാത്രക്കാർക്ക് ചെളിക്കുളം നീന്തിക്കടന്നാൽ ബസിൽ ഉദ്ദേശിച്ച സ്ഥലത്തേക്ക് യാത്രയാവാം. ചെളിയിൽ പുതയാതെ ബസുകൾക്ക് മുന്നോട്ട് നീങ്ങണമെങ്കിലും ഭാഗ്യം കനിയണം. ഇന്നലെയും ഒരു ലോ ഫ്ളോർ ബസ് ചെളിയിൽ പുതഞ്ഞു.

ആറ് കോടിയോളം രൂപ ചെലവിൽ പുതിയ വ്യാപാരസമുച്ചയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിലവിലുണ്ടായിരുന്ന കെട്ടിടം അഞ്ചുമാസം മുമ്പ് പൊളിച്ചത്. ഇതേത്തുടർന്ന് ജൂൺ എട്ടുമുതൽ ഇവിടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തുകയും സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഡിപ്പോയുടെ പ്രവർത്തനം താത്കാലികമായി മാറ്റുകയും ചെയ്തു. എന്നാൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് നീക്കിയതല്ലാതെ പുതിയ കെട്ടിടത്തിന് കല്ലിടാൻപോലും അധികൃതർക്കായിട്ടില്ല. ഇതിനിടയിൽ സ്വകാര്യ സ്റ്റാൻഡ് ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ബസുകളെല്ലാം തിരികെ ഇങ്ങോട്ട് എത്തുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾ മഴയത്ത് ഒഴുകി സ്റ്റാൻഡ് മുഴുവൻ പരന്ന് കിടക്കുകയാണ്.

പുതിയ കെട്ടിടം നിർമ്മിച്ചിട്ടില്ലെന്ന് മാത്രമല്ല, ഈ ഭാഗത്തേക്ക് ബസുകൾക്ക് പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയാത്ത ബസുകൾ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നിരത്തിയിടുന്നത് നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

വിവിദങ്ങൾക്കിടെ യാത്രക്കാർക്ക് താത്കാലിക ഷെൽട്ടർ നിർമ്മിച്ചെങ്കിലും മഴപെയ്താൽ നനയുമെന്ന് ഉറപ്പാണ്.

ഡിപ്പോയുടെ രൂപരേഖയിൽ വരുത്തിയ മാറ്റമാണ് പുനർനിർമ്മാണം അനിശ്ചിതത്വത്തിലാക്കിയതെന്ന് പറയപ്പെടുന്നു. നിർമ്മാണത്തിന്റെ പേരിൽ ദീർഘദൂര ബസുകൾക്ക് നഗരത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഈ ബസുകൾ മാത്രം ഇപ്പോഴും മുൻ തീരുമാനപ്രകാരം സർവീസ് നടത്തുന്നു.