ആലുവ: അട്ടിമറിയിലൂടെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിലെ ബാബു പുത്തനങ്ങാടിയെ ആറ് മാസം തികഞ്ഞപ്പോൾ എൽ.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കി. ബാബു പുത്തനങ്ങാടി ഉൾപ്പെടെ ഭരണപക്ഷത്തെ എട്ട് അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ വാഴക്കുളം ബ്ളോക്ക് ബി.ഡി.ഒ അലക്സാണ്ടറുടെ അദ്ധ്യക്ഷതയിലായിരുന്നു അവിശ്വാസം ചർച്ചക്കെടുത്തത്.
18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫ് പക്ഷത്തെ ഒന്ന് വീതം സി.പി.ഐ, എൻ.സി.പി അംഗങ്ങളും എട്ട് സി.പി.എം അംഗങ്ങളും യോഗത്തിൽ പങ്കെടുത്ത് അവിശ്വാസത്തെ പിന്തുണച്ചു. അവിശ്വാസം പാസായതിനാൽ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കിയതായി ബി.ഡി.ഒ അറിയിച്ചു. ഒഴിവ് ഇലക്ഷൻ കമ്മീഷന് റിപ്പോർട്ടുചെയ്തു. വൈസ് പ്രസിഡണ്ട് ബീന അലിയെ പ്രസിഡന്റിന്റെ താത്കാലിക ചുമതലയേൽപ്പിച്ചു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 15 ദിവസത്തിനകം നടക്കും.
മുൻ പ്രസിഡന്റ് എ.പി. ഉദയകുമാർ സി.പി.എം ഏരിയാ സെക്രട്ടറിയായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതാണ് എൽ.ഡി.എഫിന് പാരയായത്. എൻ.സി.പി അംഗവും ഇടത് സ്വതന്ത്രനും കൂറുമാറി വോട്ട് ചെയ്തപ്പോൾ സമനിലയായി. തുടർന്ന് നറുക്കെടുപ്പിൽ ബാബു പുത്തനങ്ങാടിയെ ഭാഗ്യം തുണക്കുകയായിരുന്നു. കൂറുമാറിയെത്തിയ യൂസഫിന്റെ പിന്തുണയോടെ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനവും കോൺഗ്രസ് പിടിച്ചെടുത്തു. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകിയ എൻ.സി.പി അംഗത്തെ എൽ.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവന്ന ശേഷമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
സി.പി.എം ലോക്കൽ കമ്മിറ്റിഅംഗം കെ.എ. ഹാരിസിനെ പുതിയ പ്രസിഡന്റാക്കാനാണ് സി.പി.എം നീക്കം. വൈസ് പ്രസിഡന്റ് ബീന അലി പാർട്ടി ഏരിയ കമ്മിറ്റിഅംഗമാണ്.