പള്ളുരുത്തി: ആഴ്ചയിൽ അഞ്ച് ദിവസം പരിപാടികൾ മുറപോലെ നടക്കുന്ന പള്ളുരുത്തി ഇ.കെ.നാരായണൻ ഹാൾ പരാധീനതകളുടെ നടുവിൽ.ഒരേ സമയം ആയിരം പേർക്ക് ഇരുന്ന് പരിപാടി കാണാനുള്ള സൗകര്യം ഇവിടെ ഉണ്ട്. എന്നാൽ ഇവിടെ ശുചി മുറി ഇല്ല, കറണ്ട് ഇല്ല, വെള്ളമില്ല. രാഷ്ടീയ പാർട്ടികൾ ഉൾപ്പടെ നിരവധി സാംസ്ക്കാരിക സംഘടനകൾ ഇവിടെ പരിപാടി നടത്താറുണ്ട്. ആഴ്ചകൾക്ക് മുൻപേ സംഘാടകർ 1400 രൂപ അടച്ച് വേണം ഹാൾ ബുക്ക് ചെയ്യാൻ.വരുന്ന സംഘാടകർ ജനറേറ്ററുമായി വേണം വരേണ്ടത്. ത്രി ഫേസ് കറണ്ടാണ് പരിപാടിക്കായി വേണ്ടത്. എന്നാൽ ഈ സൗകര്യം ഇവിടെ ഇല്ല.പ്രായമായവരും കുട്ടികൾ ഉൾപ്പടെയുള്ള സ്ത്രീകളാണ് ശുചി മുറി ഇല്ലാത്തതിന്റെ പേരിൽ കഷ്ടത അനുഭവിക്കുന്നത്.നിരവധി സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ അധികാരികൾക്ക് നിവേദനങ്ങൾ നൽകിയെങ്കിലും അതെല്ലാം ഫയലിൽ ഉറങ്ങുകയാണ്. ഇ. കെ. സ്ക്വയർ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പോലെ മനോഹരമാക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.രാവിലെയും വൈകിട്ടും ഇ.കെ. സ്ക്വയറിൽ യുവാക്കൾ ബാഡ്മിന്റൺ കായികത്തിനായി ഇവിടെ എത്താറുണ്ട്. ലൈറ്റ് ഇല്ലാത്തതിനാൽ അതും ഒരു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.പലരുടെയും അന്തിയുറക്ക കേന്ദ്രമായി മാറിയിരിക്കുകയാണ് ഇ.കെ. സ്ക്വയർ.സ്റ്റേജിനു സമീപപ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതും സമീപത്തെ കച്ചവടക്കാർക്ക് വിനയായിരിക്കുകയാണ്.
#മദ്യപാനികളുടെ കേന്ദ്രം
സന്ധ്യയായി കഴിഞ്ഞാൽ ഇവിടം മദ്യപാനികളുടെയും മയക്കമരുന്ന് ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി മാറി.ഗേറ്റിന് അടച്ചു പൂട്ട് ഇല്ലാത്തതാണ് സാമൂഹ്യ വിരുദ്ധർ ഇവിടെ കിടന്ന് വിളയാടുന്നത്.പൊലീസ് പെട്രോളിംഗ് ഇല്ലാത്തതാണ് പ്രധാന കാരണം.
#വർഷങ്ങൾ കഴിഞ്ഞിട്ടും ശുചിമുറിയില്ല
2013 ൽ കോർപ്പറേഷൻ 15 ലക്ഷം മുടക്കി സ്റ്റേജ് ഉയർത്തി ടൈൽ പാകി.ലക്ഷങ്ങൾ മുറപോലെ ഇറക്കിയിട്ടും ഹാളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കോർപ്പറേഷനായില്ല. പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഒരു ഗ്രീൻ റൂമില്ല.ഇതിനോടനുബന്ധിച്ച് കോർപ്പറേഷന്റെ വായനശാലയും അംഗനവാടിയും സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ ശുചി മുറി ഉണ്ടെങ്കിലും അത് പരിപാടി കാണാൻ വരുന്നവർക്ക് ഉപയോഗിക്കാൻ കഴിയില്ല. സമയം കഴിഞ്ഞാൽ അത് പൂട്ടി പോകും. ഹാളിൽ മൺമറഞ്ഞ അറിയപ്പെടുന്ന കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
#2011 ലാണ് 20 ലക്ഷം രൂപ മുടക്കി കൊച്ചിൻ കോർപ്പറേഷൻ ഇ.കെ. സ്ക്വയർ നിർമ്മിച്ചത്.അന്ന് പന്തൽ കെട്ടിയായിരുന്നു പരിപാടി നടത്തിയത്.