കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷൻ ഒാംബുഡ്‌സ്‌മാന്റെ കൈവശമുള്ള ഫയലുകൾ കൈമാറുന്നത് ഹൈക്കോടതിഇന്ന് വരെ വിലക്കി. ഒാംബുഡ്സ്‌മാന്റെ കൈവശമുള്ള ഫയലുകളുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. റിട്ട.ജസ്റ്റിസ് വി. രാംകുമാറിനെ ഒാംബുഡ്സ്മാൻ പദവിയിൽ നിന്നുമാറ്റിയ കെ.സി.എയുടെ നടപടിക്കെതിരെ കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ രണ്ട് ക്ളബ്ബുകളുടെ ഭാരവാഹികളായ ജി. കുമാർ, ബെർട്ട് ജേക്കബ് എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജിനെതിരായ സാമ്പത്തിക ക്രമക്കേടു കേസിൽ അന്തിമവാദം പൂർത്തിയാക്കി ഉത്തരവു നൽകാനിരിക്കെയാണ് ഒാംബുഡ്സ്‌മാനെ മാറ്റിയതെന്നും ഫയലുകൾ കൈമാറുന്നത് തടയണമെന്നുമാണ് ഹർജിയിലെ വാദം. ജയേഷ് ജോർജിനെതിരെ ഉത്തരവ് വരുന്നതു തടയാനാണ് ഇതെന്നും ഹർജിക്കാർ ആരോപിക്കുന്നു. 18ന് ഹർജി വീണ്ടും പരിഗണിക്കും.

2017 ഒക്ടോബർ എട്ടിനാണ് റിട്ട. ജസ്റ്റിസ് വി. രാംകുമാറിനെ ഒാംബുഡ്‌സ്‌മാനായി നിയോഗിച്ചത്. കഴിഞ്ഞവർഷം കാലാവധി നീട്ടിനൽകി. ഇത്തവണ വീണ്ടും കാലാവധി നീട്ടുന്ന കാര്യം കെ.സി.എ ജനറൽ ബോഡി പരിഗണിച്ചെങ്കിലും ഒാംബുഡ്‌സ്മാന്റെ സേവനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. ജയേഷ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു തീരുമാനം. പിന്നീട് റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥിനെ ഒാംബുഡ്സ്‌മാനാക്കാൻ തീരുമാനിച്ചതായി മാദ്ധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും ജനറൽ ബോഡിയിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും ഹർജിയിൽ പറയുന്നു. നിലവിലെ ഒാംബുഡ്‌സ്‌മാന്റെ കാലാവധി നീട്ടേണ്ടെന്നു തീരുമാനിച്ച ഒക്ടോബർ 11ലെ ജനറൽ ബോഡി യോഗത്തിലെ രേഖകൾ വിളിച്ചുവരുത്തി റദ്ദാക്കണം. ഫയലുകൾ കെ.സി.എയ്ക്ക് കൈമാറുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. ഹർജി തീർപ്പാക്കുംവരെ നിലവിലെ സ്ഥിതി തുടരണമെന്നാണ് ഇടക്കാല ആവശ്യം.