പൊളിക്കലിനും പണിക്കും ടെൻഡർ

കൊച്ചി : മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പാലാരിവട്ടം ഫ്ലൈഓവർ പൊളിച്ചു പണിയാൻ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പൂർത്തിയാക്കി. അടുത്തയാഴ്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും. എങ്കിലും ഫ്ളെെ ഓവർ പുനർനിർമ്മാണത്തിന്റെ ആദ്യപടിയായ പാലം പൊളിക്കലിന് കാത്തിരി​പ്പ് നീളും.

ഫ്ളൈ ഓവർ പൊളിച്ചു നീക്കുന്നത് സംബന്ധിച്ച് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളും ഇ. ശ്രീധരനും തമ്മിൽ രണ്ടാഴ്ച മുമ്പ് നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ, ഹെെക്കോടതി പരാമർശങ്ങളെ തുടർന്ന് പൊളിക്കലിനും പണിക്കും ടെൻഡർ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതായാണ് സൂചന. ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ ടെൻ‌ഡർ നടപടികൾ ആരംഭിക്കാനാണ് നീക്കം. പാലം പൊളിക്കലിന് അടുത്ത ഡിസംബർ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ഒക്ടോബറിൽ ആരംഭിച്ച് അടുത്ത ആഗസ്റ്റിൽ പൂർത്തീകരിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ നിലയിൽ അടുത്തവർഷം അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

 പൊളിക്കൽ പലവിധം

അന്താരാഷ്ട്ര തലത്തിൽ പാലങ്ങൾ പൊളിക്കാൻ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഡിസ്‌മാന്റിലിംഗ് (പൊളിച്ചുനീക്കൽ), സ്ഫോടനം, ഹൈഡ്രോളിക് ബ്രേയ്ക്കിംഗ്, കെമിക്കൽ ബേഴ്സ്റ്റിംഗ് തുടങ്ങിയവയാണ് മാർഗങ്ങൾ. ഡിസ്മാന്റിലിംഗാകും പാലാരിവട്ടം ഫ്ലൈഓവർ പൊളിക്കാൻ സ്വീകരിക്കുക. നവംബർ പകുതിയോടെ പൊളിക്കൽ തുടങ്ങും. 442 മീറ്റർ നീളം വരുന്നതാണ് പാലം. പാലത്തിലെ 122 ഗർഡറുകൾ പൊളിച്ചുനീക്കണം. ഇവയ്ക്ക് 22 മീറ്ററിലേറെ നീളമുണ്ട്. ഗർഡറുകൾ നീക്കുന്നതിന് മുമ്പ് ഉപരിതലത്തിലെ ടാറിംഗും ഡെക്കും പൂർണമായി ഇളക്കി മാറ്റണം. കൂറ്റൻ ഗർഡറുകൾ നീക്കം ചെയ്യുമ്പോൾ തൂണുകൾക്കും പിയർ ക്യാപ്പുകൾക്കും ഇളക്കം തട്ടാതെ സൂക്ഷിക്കണം. ചെറിയ ക്ഷതം പോലും ഗുരുതരമായി ബാധിക്കും.

 വെല്ലുവിളികൾ

കൂറ്റൻ യന്ത്രങ്ങളുടെ സഹായത്തോടെ ഗർഡറുകൾ മുറിക്കണം. മുറിച്ചുമാറ്റുന്നവ ക്രെയിനുകൾ ഉപയോഗിച്ച് ലോറികളിലേക്ക് മാറ്റണം. ഇവ കടൽഭിത്തിക്ക് ഉപയോഗിക്കാമെന്നാണ് മെട്രോമാന്റെ നിർദ്ദേശം. ചെല്ലാനത്ത് ഇത് ഉപകരിച്ചേക്കാം. ടാറിംഗ്, ഡെക്ക്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ പുതിയ റോഡുകളുടെ അടിത്തറ ശക്തിപ്പെടുത്താൻ ഉപയോഗിക്കും

 ഇനി പി.എസ്.സി ഗർഡറുകൾ

ഫ്ളെെഓവറിന്റെ 102 ആർ.സി.സി ഗർഡറുകൾക്ക് പകരം മെട്രോ നിർമ്മാണത്തിനുപയോഗിച്ച പോലെ പി.എസ്.സി ഗർഡറുകൾ (പ്രീ സ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡർ - യാർഡിൽ വെച്ച് കോൺക്രീറ്റ് ചെയ്ത് കൊണ്ടുവരുന്നത് ) ഉപയോഗിക്കും. ചെലവു കൂടുമെങ്കിലും പി.എസ്.സി ഗർഡറുകൾക്ക് ഉറപ്പ് കൂടും. ആർ.സി.സി ഗർഡറുകൾ മാറ്റി പകരം പി.എസ്.സി ഗർഡറുകളാക്കാൻ മാത്രം 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലം പൊളിക്കുന്നതിനും ഗർഡറുകൾ നീക്കുന്നതിനും 3 മാസം വേണ്ടിവരും. ഇതിനു മാത്രം 2 കോടി രൂപ ചെലവാകും. പിയറും പിയർ ക്യാപ്പും ബലപ്പെടുത്താൻ 3 മാസമെടുക്കും. ഇതിനായി ചെലവ് 1.71 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗർഡറുകളുടെ സ്ഥാപിക്കാനും ഡെക്കിന്റെ വാർക്കലിനും 4 മാസം വരെയാകും.

# 20 കോടി സർക്കാർ വഹിക്കണം

പാലം പണി പൂർത്തീകരിച്ച് മൂന്നു വർഷത്തിനുള്ളിൽ വരുന്ന അറ്റകുറ്റപ്പണികളുടെ ചെലവുകൾ കരാറേറ്റെടുത്ത കമ്പനി തന്നെ വഹിക്കണമെന്നാണ് വ്യവസ്ഥ. ഈ മാസം പത്തിന് മൂന്ന് വർഷം പൂർത്തീയായതോടെ പാലം പൊളിക്കലിനും പുനർനിർമ്മാണത്തിനും വേണ്ടിവരുന്ന 20 കോടി രൂപ സർക്കാരിന്റെ ബാദ്ധ്യതയാകും.

പൊളിച്ചുനീക്കേണ്ടഗർഡറുകൾ 122

ഗർഡറുകളുടെ നീളം 22 മീറ്റർ