ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന് വിവരാവകാശരേഖ. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി നൽകിയ വിവരവകാശ അപേക്ഷയ്ക്കാണ് വിചിത്രമായ മറുപടി ലഭിച്ചത്.
ടെർമിനലിന്റെ നിർമ്മാണം വൈകുന്നതിന് കാരണം തേടിയാണ് അപേക്ഷ നൽകിയത്. ടെർമിനൽ നിർമ്മാണത്തിന്റെ സാങ്കേതിക അനുമതി, ടെർമിനൽ നിർമ്മാണ പദ്ധതിയുടെ ഗവമെന്റ് ഉത്തരവിന്റെ പകർപ്പ്, ടെൻഡർ നടപടികൾ എന്നിവയൊന്നും കോർപ്പറേഷൻ ഓഫീസിൽ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
എം എൽ എ ഫണ്ടായതിനാലും നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് ആയതിനാലും വിവരങ്ങൾ ലഭ്യമല്ലെന്നാണ് പറയുന്നത്. പദ്ധതി നടപ്പിലാക്കുന്നതിൽ കെ.എസ്.ആർ.ടി.സി യാതൊരു ശുഷ്‌ക്കാന്തിയും കാണിക്കുന്നില്ലെന്ന വിമർശനത്തെ ശരിവയ്ക്കുന്നതാണ് ഈ മറുപടിയെന്ന് ഖാലിദ് മുണ്ടപ്പിള്ളി പറഞ്ഞു. പരാതിയുമായി വിവരാവകാശ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.