rti
വിവരാവകാശ രേഖ

പെരുമ്പാവൂർ: എം. സി. റോഡിൽ പുല്ലുവഴിക്ക് സമീപം ഡബിൾ പാലം ഭാഗത്ത് അപകട പരമ്പര. നടപടിയില്ലാതെ അധികൃതർ കൈമലർത്തുന്നു.

ഡബിൾപാലം ഭാഗത്ത് റോഡ് മാർക്കിംഗ് നടത്തുകയും റിഫ്‌ളക്ടർ, ഒബ്ജക്ട് ഹസാർഡ് മാർക്കർ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അപകടങ്ങൾ നാൾക്കുനാൾ പെരുകുകയാണ്. ഡബിൾപാലം പ്രദേശത്ത് നിരന്തരമായി സംഭവിക്കുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പാലം നിർമ്മിക്കുന്നതിന് പൊതു മരാമത്ത് വകുപ്പ് നിരത്തുവിഭാഗം കുറുപ്പംപടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ രണ്ട് വർഷം മുൻപ് നൽകിയ നിർദ്ദേശം പരിഗണിച്ചിട്ടില്ലെന്ന് പരിസ്ഥിതി സംരക്ഷണ കർമ്മസമിതി ചെയർമാൻ വർഗീസ് പുല്ലുവഴി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

അപകടത്തിന് വഴിയൊരുക്കുന്നത്

കെ എസ് ടി പി (കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് )എം. സി. റോഡ് പുനർനിർമ്മിച്ചതിന്റെ ഭാഗമായി ഡബിൾ പാലം ഭാഗത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ നിലവിലുണ്ടായിരുന്ന പാലംനിലനിറുത്തി,സമീപത്ത് മറ്റൊരു പാലം നിർമിച്ചാണ് റോഡിന് വീതി വർദ്ധിപ്പിച്ചത്. രണ്ട് പാലങ്ങൾക്കുമിടയിൽ അഞ്ച് അടിയിലേറെ വിടവുണ്ട്. ഈ വിടവുമുതൽ പാലങ്ങളുടെ ഇരുഭാഗത്തേക്കും 25 മീറ്റർ നീളത്തിൽ മീഡിയനും നിർമ്മിച്ചു. എന്നാൽ റോഡിലെ വളവുകാരണം മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മീഡിയനോ,പാലമോപെട്ടെന്ന് കാണാനാവില്ല. അന്ന് ഈ അപാകത ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതർ അത് കൈക്കൊള്ളാൻ തയ്യാറയില്ല.

വിവരാവകാശ രേഖയിൽ പറയുന്നത്:

അപകടങ്ങൾ തുടർക്കഥയായതിനെ തുടർന്ന് പുതിയ ഒറ്റ പ്പാലം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം കുറുപ്പംപടി സെക്ഷൻ അസിസ്റ്റന്റ് എൻജിനിനീയർ രണ്ട് വർഷം മുൻപ് ഒരു കോടി ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതി മേലധികാരികൾക്ക് സമർപ്പിച്ചെങ്കിലും തുടർനടപടിയില്ല. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഈ സ്ഥലത്ത് 166 വാഹനാപകടങ്ങൾ നടന്നു. 27 അപകടങ്ങളിൽ ജീവഹാനി സംഭവിച്ചു. 140 അപകടങ്ങളിൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.