കൊച്ചി: എൻജിനീയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് സംഘടിപ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധരുടെ ആഗോള സമ്മേളനം 'ടെൻകോൺ 2019' ഒക്ടോബർ 17 ന് ആരംഭിക്കും.

20 വരെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം. 20 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഐ. ഇ. ഇ .ഇ കേരള ഘടകമാണ് സംഘാടകർ.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 18ന് രാവിലെ 10ന് ഉത്ഘാടനം നിർവഹിക്കും.

ടെൻകോൺ ചെയർമാൻ ഡോ.സുരേഷ് നായർ, സ്റ്റീഫൻ വെൽ‌ബി, സമീർ എസ്.എം എന്നിവർ സംസാരിക്കും.

സമ്മേളനം സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ രണ്ടാം തവണയുമാണ് നടക്കുന്നത്. പ്രൊഫഷണലുകൾക്കും, വിദ്യാത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷന്:

registration@tencon2019.org

ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, മാൽവെയർ വിശകലനം, ഫോട്ടോ അക്കോസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻ ആൻഡ് നെറ്റ്‌വർക്കിംഗ്, സിഗ്നലിംഗ്, ഇമേജ് എന്നീ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പഠിക്കാനുള്ള അന്താരാഷ്ട്ര വേദിയാണിത്.

ഡീപ് ലേണിംഗ്, മെഷീൻ ഇന്റലിജൻസ് ലേണിംഗ്, ബ്രെയിൻ മെഷീൻ ഇന്റർഫേസ് സിസ്റ്റം, ആംപ്യൂട്ടേഷൻ, നട്ടെല്ലിന്റെ പരിക്കുകൾ എന്നിവയ്ക്കുള്ള ന്യൂറൽ പ്രോസ്തസിസ്, എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര പ്രതിനിധികൾ മുഖ്യ പ്രഭാഷണം നടത്തും.

ആധുനിക സിസ്റ്റം ഡിസൈൻ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്ന ശിൽപശാല, എഞ്ചിനീയറിംഗ് രംഗത്തെ വനിതകൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമാന്തര സെഷനുകളും നടക്കും.