കൊച്ചി: മരടിൽ ഫ്ലാറ്റുടമകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക കുറവാണെന്ന ആരോപണവുമായി ഉടമകൾ രംഗത്ത്. കുറഞ്ഞ നഷ്ടപരിഹാര തുകയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവർ. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി അനുവദിക്കുന്ന നഷ്ടപരിഹാരത്തിനെതിരെയാണ് ആരോപണം. 25ന് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജിയായാണ് പരാതി എത്തിക്കുക.
നഷ്ടപരിഹാരം നൽകേണ്ട ഉടമകളിൽ 14 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി കഴിഞ്ഞദിവസം സമിതി സർക്കാരിന് നൽകിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് മാത്രമേ 25 ലക്ഷം നൽകാൻ ശുപാർശയുള്ളൂ. ബാക്കിയുള്ളവർക്ക് 13 ലക്ഷം മുതൽ 23 ലക്ഷം വരെ നൽകാനാണ് ശുപാർശ. 51 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെയാണ് ഇവരിൽ പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇത് തള്ളിയാണ് സമിതി തുക നിശ്ചയിച്ചത്. നിർമാതാക്കൾക്ക് നൽകിയ വില എത്രയെന്നാണ് സമിതി ആവശ്യപ്പെടുന്നത്. എന്നാൽ പലരും നിർമാതാക്കളിൽ നിന്നു നേരിട്ടല്ല ഫ്ലാറ്റ് വാങ്ങിയതെന്ന് ഉടമകൾ പറയുന്നു. വില കുറച്ച് രജിസ്‌ട്രേഷൻ നടത്തിയതിൽ തങ്ങൾ ഉത്തരവാദിയല്ല. പൊളിക്കുന്ന കെട്ടിടത്തിലെ എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നും ബാക്കിയുള്ള തുക തീരുമാനിക്കാനുമാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് പോരായ്മകൾ ചൂണ്ടിക്കാട്ടി മരട് ഫ്ലാറ്റ് ഉടമകൾ വീണ്ടും കോടതിയെ സമീപിക്കുന്നത്.