കൊച്ചി: നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ വളർത്തിക്കൊണ്ടുവന്ന ഇന്ത്യ മോദി ഭരണത്തിൽ അതിവേഗം നാശത്തിലേക്ക് നടന്നടുക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായി. വ്യവസായങ്ങൾ തകർന്നതോടെ തൊഴിലവസരങ്ങൾ ഇല്ലാതായി. മോദി നടപ്പാക്കിയ നോട്ട് നിരോധനമാണ് സാമ്പത്തിക തകർച്ചയുടെ തുടക്കം. എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൻമോഹൻ സിംഗ് പത്ത് വർഷം കൊണ്ട് എറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയ ഇന്ത്യയെ നരേന്ദ്രമോദി അഞ്ചര വർഷം കൊണ്ട് തകർത്തു. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ താഴെയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നാണ് മാധ്യമ വാർത്തകൾ. കഴിഞ്ഞ ഒരു വർഷം കൊണ്ട് പത്ത് ലക്ഷം കോടി രൂപയാണ് സർക്കാർ കടം വാങ്ങിയിരിക്കുന്നത്. എന്നിട്ടും തികയുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നിനു പുറകേ ഒന്നായി കിട്ടുന്ന വിലയ്ക്ക് വിറ്റു തുലയ്ക്കുകയാണന്നും ആന്റണി പറഞ്ഞു.