കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണ ബാങ്കിന്റെ കടയിരുപ്പിലുള്ള ജൈവ പച്ചക്കറി വിപണന സ്റ്റാൾ വമ്പൻ ഹിറ്റ്.

പഞ്ചായത്തിൽ വിഷ രഹിത പച്ചക്കറി ഉല്പാദനവും, വിപണനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു മാസം മുമ്പാണ് ജൈവ പച്ചക്കറി വിപണന സ്റ്റാൾ തുടങ്ങിയത്. പഞ്ചായത്തിലെ പച്ചക്കറി കർഷകരിൽ നിന്നും ഉല്പന്നങ്ങൾ നേരിട്ട് ശേഖരിച്ചാണ് വില്പന. കാർഷീക വിപണികളിലായിരുന്നു കർഷകർ പച്ചക്കറി വില്പനയ്ക്ക് എത്തിച്ചിരുന്നത് . എന്നാൽ മൊത്ത കച്ചവടക്കാർ വില ഇടിച്ചു വാങ്ങുന്നതിന്റെ ഭാഗമായി പലപ്പോഴും വൻ നഷ്ടത്തിലാണ് വിറ്റഴിക്കാറുള്ളത്. കച്ചവടക്കാർ ലേലം ചെയ്താണ് പച്ചക്കറി വാങ്ങുന്നത്,എന്നാൽ ലേലത്തിൽ പങ്കെടുക്കാതെ മാറി നിന്ന് ഒരാൾ മാത്രം വില പറഞ്ഞ് വില ഇടിച്ചു മേടിക്കുന്നത് പതിവായതോടെ കർഷകരിൽ പലരും കൃഷി ഉപേക്ഷിക്കാൻ തയ്യാറെടുത്തതോടെയാണ് സഹകരണ സംഘം വിപണന സ്റ്റാൾ തുടങ്ങിയത്. നാടൻ പയർ, പാവയ്ക്ക, കോവയ്ക്ക, പച്ചമുളക്, കാന്താരി മുളക്, കപ്പ, ഏത്തക്കായ, പടവലം, പീച്ചിങ്ങ, കുമ്പളം, വെള്ളരി, വാഴക്കുടപ്പൻ, വാഴപ്പിണ്ടി, തക്കാളി, കൂർക്ക, ചുരയ്ക്ക, ചീര, കുക്കുമ്പർ, സലാഡ് വെള്ളരി തുടങ്ങി വിഷ രഹിതമായ മുഴുവൻ നാടൻ പച്ചക്കറികളും വില്പനക്കുണ്ട്. നിരവധി പേർ കേട്ടറിഞ്ഞ് ദൂര മേഖലകളിൽ നിന്നും എത്തി പച്ചക്കറി വാങ്ങുന്നുണ്ട്. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.വി മോഹനനാണ് വിപണന സ്റ്റാളിന്റെ ചുമതല. സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ മനോജാണ് സ്റ്റാളിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്.

ഇടനിലക്കാരില്ലാതെ വില്പന നടക്കുന്നതിനാൽ കർഷകർക്ക് ന്യായമായ വില ലഭ്യമാകുന്നു

പൊതു വിപണിയിൽ ലഭിക്കുന്നതിൽ നിന്നും വില കുറവ് വ

ഇന്നത്തെ വില്പന വില

നാടൻ പയർ 90

പാവയ്ക്ക 50

കോവയ്ക്ക 50

പച്ചമുളക് 50

കാന്താരി മുളക് 300

ഏത്തക്കായ 55

പടവലം 40

പീച്ചിങ്ങ 40

കുമ്പളം 40

വെള്ളരി 40

തക്കാളി 55

കൂർക്ക 60

ചുരയ്ക്ക 30

കുക്കുമ്പർ 40

ഇഞ്ചി 120

ചെറു പഴം 55

ബാങ്കിൽ നിന്നും ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകി ഫാർമേഴ്സ് ക്ളബ്ബുകൾ രൂപീകരിച്ച് പച്ചക്കറി ഉല്പാദനത്തിനു പ്രോത്സാഹനം നൽകുന്നുണ്ട്. അവരിൽ നിന്നുള്ള പച്ചക്കറി ബാങ്കിന്റെ വിപണന സ്റ്റാളിൽ തിരിച്ചെടുത്ത് ന്യായമായ വില ഉറപ്പാക്കുകയാണ് ലക്ഷ്യം

കെ.എൻ മോഹനൻ നായർ, പ്രസിഡൻറ്

ഐക്കരനാട് സർവീസ് സഹകരണ ബാങ്ക്