പള്ളുരുത്തി: പടിഞ്ഞാറൻ കൊച്ചിയിൽ വിവിധ ബാങ്കുകളുടെ എ.ടി.എം കൗണ്ടർ സ്ഥിരമായി പണിമുടക്കുന്നതായി പരാതി. കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പണിമുടക്കിയിട്ട് രണ്ടാഴ്ചയായി. കുമ്പളങ്ങിയിലെ ഭൂരിഭാഗം ഉപഭോക്താക്കൾക്കും എസ്.ബി.ഐ ബാങ്കിലാണ് അക്കൗണ്ട് .പഴങ്ങാട് ശാഖയിലും എസ് .ബി.ഐ കൗണ്ടർ ഉണ്ടെങ്കിലും പലപ്പോഴും ഇവിടെ പണം ഉണ്ടാകാറില്ല. ഇതു മൂലം ഇല്ലിക്കൽ കവലയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നീണ്ട നിരയാണ്.
പള്ളുരുത്തി നമ്പ്യാപുരത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പലപ്പോഴും പണിമുടക്കിലാണ്. ബാങ്കിൽ ചോദിച്ചാൽ കംപ്ലയിന്റാണ് എന്ന മറുപടിയാണ് ബാങ്ക് അധികൃതർ നൽകുന്ന മറുപടി. 3 കാഷ് കൗണ്ടറിൽ പലപ്പോഴും 2 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ നീണ്ട നിര റോഡ് വരെ എത്തുന്ന സ്ഥിതിയാണ്. തോപ്പുംപടിയിലെ ഫെഡറൽ ബാങ്കിന്റെയും ന്യൂ ജെൻ ബാങ്കുകളുടെയും എസ്.ബി.ഐ ബാങ്കിന്റെയും എ.ടി.എം കൗണ്ടറിന്റെ അവസ്ഥയും ഇതു തന്നെയാണ്. മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി ഭാഗങ്ങളിലും പല ബാങ്കുകളുടെയും എ.ടി.എം.കൗണ്ടർ പ്രവർത്തനരഹിതമാണ്. സ്വന്തം പോക്കറ്റിലെ പണം ജനം ബാങ്കിൽ നിക്ഷേപിച്ചിട്ട് പണത്തിനായി ഉപഭോക്താക്കൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ്.
#പണമില്ലാത്തതിന് കാരണം പുതിയ മെഷീൻ
പുതിയ മെഷീൻ സ്ഥാപിക്കുന്നതിനാലാണ് ഇല്ലിക്കൽ കവലയിൽ എ.ടി.എം പ്രവർത്തനരഹിതമായത് എന്ന ബോർഡ് ബാങ്ക് അധികാരികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ പുതിയ മെഷീൻ എപ്പോൾ എത്തുമെന്ന് ബാങ്ക് അധികാരികൾക്കറിയില്ല. അതുവരെ പഴയ മിഷീൻ നിലനിർത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.