കൊച്ചി: ഭാരോദ്വഹനത്തിൽ ലോകകിരീടമെന്ന സ്വപ്നം 58 ാം വയസിൽ സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് പീറ്റർ ജോസഫ് ഞാളിയൻ. അമേരിക്കയിലെ സാന്റിയാഗോയിൽ നടന്ന വേൾഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിൽ 55 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 170 കിലോ ഉയർത്തിയാണ് ലോകകപ്പ് നേടിയത്.
അങ്കമാലി കൊറ്റമം സ്വദേശിയാണ് പീറ്റർ. മലേഷ്യയിൽ കഴിഞ്ഞ വർഷം നടന്ന ഏഷ്യ പസഫിക് മത്സരത്തിൽ വെള്ളി മെഡൽ അദ്ദേഹം നേടിയിരുന്നു. ഈവർഷം ആസ്ട്രേലിയയിൽ നടന്ന കോമൺവെൽത്ത് മത്സരത്തിൽ അവസാന റൗണ്ടിൽ പരിക്കുമൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
വെയ്റ്റ് ലിഫ്റ്റിംഗിൽ 22 ാം വയസിൽ സ്വർണ മെഡലോടെ ദേശീയ ചാമ്പ്യൻ പട്ടം അദ്ദേഹം നേടിയിട്ടുണ്ട്. ഇടയ്ക്ക് ബോഡി ബിൽഡിംഗിലേയ്ക്കും തിരിഞ്ഞു. റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്ന പീറ്റർ രണ്ടു തവണ മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യൻ പട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അമ്പതാം വയസിൽ ചെറുപ്പക്കാരോട് ഏറ്റുമുട്ടിയാണ് ആദ്യം മിസ്റ്റർ ഇന്ത്യ പട്ടം നേടിയതെന്ന് അദ്ദേഹം പറഞ്ഞു.