കൊച്ചി: സംരംഭകരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും കൊടകര സഹൃദയ എൻജിനീയറിംഗ് കോളേജും ചേർന്ന് വിദ്യാർഥികൾക്കായി 19​ ന് ( ശനിയാഴ്ച) ഐ.ഇ.ഡി.സി സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഐ.ടി സെക്രട്ടറി എം.ശിവശങ്കർ അദ്ധ്യക്ഷനാകും. 'ആശയങ്ങൾ നാലാം വ്യവസായ വിപ്ലവത്തിലേക്ക് ത്വരിതപ്പെടുത്തുക' എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. വിവിധ രംഗങ്ങളിലെ വിദഗ്ധർ വിദ്യാർഥികളുമായി സംവദിക്കും. 4000-ത്തിലേറെ യുവ സംരംഭകർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കെ.ടി.യു വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് എന്നിവർ പങ്കെടുക്കും.