മൂവാറ്റുപുഴ: കേരള വാട്ടർ അതോററ്റി മൂവാറ്റുപുഴ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വി. ആർ. അനിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ജയശ്രീ , അസിസ്റ്റന്റ് എൻജിനിയർ എം.ജെ. വത്സമ്മ എന്നിവരുടെ പേരിൽ അഴിമതി നിരോധന വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുവാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി.
കരാറുകാർ മുഖേന താൽക്കാലിക ജീവനക്കാരെ നിയമിച്ചുവെന്ന് കള്ളരേഖയുണ്ടാക്കി അഴിമതി നടത്തി ഭീമമായ സംഖ്യ സമ്പാദിച്ചുവെന്ന് കാണിച്ച് വാഴക്കുളം കാവന കടമ്പനാട്ട് വീട്ടിൽ ജോസ് കുര്യൻ നൽകിയ പരാതിയിലാണ് ഉത്തരവ്.
വാട്ടർ അതോററ്റി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് ഹൈക്കോടതി വിലക്കുണ്ട്. വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറും ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.