കൊച്ചി : വെറും രണ്ടു മണിക്കൂർ കൊണ്ട് വിദ്യാർത്ഥികൾ കായലിലും കരയിലും നിന്ന് ശേഖരിച്ചത് ടൺ കണക്കിന് പ്ളാസ്റ്റിക് മാലിന്യങ്ങൾ. കായലിനെയും കരയെയും വിഴുങ്ങുന്ന പ്ളാസ്റ്റിക് ഭീകരതയുടെ നേർചിത്രമായി അവ മറൈൻഡ്രൈവിൽ പ്രദർശിപ്പിച്ചത് കണ്ണു തുറപ്പിക്കുന്ന ബോധവത്കരണവുമായി.
വേമ്പനാട് കായൽ മലിനമാകുന്നത് സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) യിലെ ഗവേഷകർ കായലിൽ നിന്ന് പ്ളാസ്റ്റിക് ശേഖരിച്ചു. ഒപ്പം വിദ്യാർത്ഥികൾ മറൈൻഡ്രൈവിൽ നിന്നും ലോഡ് കണക്കിന് പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 150 വിദ്യാർത്ഥികളാണ് പ്‌ളാസ്റ്റിക് മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യം തരംതിരിച്ച് ബോർഡ് എഴുതിവച്ച് പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.
വേമ്പനാട്ട് കായലിന്റെ കൊച്ചി മേഖലയിൽ കായലിലും കരയിലും പ്‌ളാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണെന്ന് കുഫോസിലെ ഗവേഷകർ പറഞ്ഞു. മാലിന്യങ്ങൾ മൂലം കൊച്ചിയിൽ പെരിയാറിൽ നിന്ന് വേമ്പനാട്ട് കായലിലെത്തുന്ന വെള്ളം തിരിച്ച് മറ്റു വഴികളിലൂടെ കരയിലേയ്ക്ക് തന്നെ കയറുകയാണ്. 2018 ലെ പ്രളയം പെരിയാറിൽ ആലുവ ഭാഗത്ത് അതിരൂക്ഷമാകാൻ കാരണമിതാണ്. കായലിലെത്തുന്ന വെള്ളം കടലിലേയ്ക്ക് ഒഴുകിപ്പോകാത്തെ തിരിച്ച് കരയിലേയ്ക്ക് ഒഴുകുന്നത് കായലിനും കടലിനും ഇടയിലുള്ള തടസങ്ങൾ മൂലമാണ്.
കേന്ദ്രസർക്കാരിന്റെ 'സ്വച്ഛതാ ഹി സേവ' പദ്ധതിയുടെ ഭാഗമായാണ് കുഫോസ് വേമ്പനാട്ട് കായൽ പരിസ്ഥിതി പഠനം നടത്തിയത്.
# കുഫോസ് കണ്ടെത്തിയവ
വേമ്പനാട്ട് കായൽ നെടുകെയും കുറുകെയും അതിവേഗം ഇല്ലാതുകുന്നു 25 വർഷത്തിനിടയിൽ കായലിന്റെ വിസ്തൃതി 30 ശതമാനം കുറഞ്ഞു.
കായലിന്റെ ആഴവും ഭീതിജനകമായി കുറയുന്നു.
1930 ൽ തണ്ണീർമുക്കം, ആലപ്പുഴ മേഖലയിൽ കായലിന്റെ ആഴം എട്ട് മുതൽ ഒമ്പത് മീറ്ററായിരുന്നത് 1.6 മുതൽ 4.5 മീറ്ററായി കുറഞ്ഞു.
# പാലങ്ങൾക്കടിയിൽ മാലിന്യക്കൂമ്പാരം
20 വർഷത്തിനുള്ളിൽ 15 പാലങ്ങൾ വേമ്പനാട്ട് കായലിന്റെ കൊച്ചി, വൈപ്പിൻ ഭാഗത്ത് നിർമ്മിച്ചു. പാലങ്ങളുടെ നിർമ്മാണ സമയത്ത് കായലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നിർമ്മാണ വസ്തുക്കളും പാലത്തിന് അടിയിൽ കിടക്കുന്നു. പണി പൂർത്തിയാകുമ്പോൾ മാലിന്യങ്ങൾ നീക്കി ഒഴുക്ക് പുനസ്ഥാപിക്കാൻ ഉത്തരവാദപ്പെട്ടവർ ചെയ്തില്ല.
ഡോ. രാമചന്ദ്രൻ
വൈസ് ചാൻസലർ
കുഫോസ്
# കായൽ ചതുപ്പായി മാറാം
വൻതോതിൽ എക്കലും പ്ളാസ്റ്റിക് മാലിന്യവും വന്നിടിയുന്നതാണ് കായലിന്റെ ആഴം കുറയാൻ കാരണം. ഇതു തുടർന്നാൽ രണ്ട് പതിറ്റാണ്ടിനകം വേമ്പനാട്ട് കായലിന്റെ തണ്ണീർമുക്കം, ആലപ്പുഴ മേഖല ചതുപ്പുനനിലമായി മാറാം.
ഡോ.വി.എൻ. സഞ്ജീവൻ
ശാസ്ത്രജ്ഞൻ
കുഫോസ്