മൂവാറ്റുപുഴ: പാലാരിവട്ടം കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജിനെതിരെ മറ്റൊരു അഴിമതിക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി
മലപ്പുറത്ത് ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയ കേസിലാണ് ഉത്തരവ്. 35 കോടി 35 ലക്ഷം രൂപയുടെ അഴിമതി ഉന്നയിച്ച് പൊതു പ്രവർത്തകനായ ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.
ഈ കേസിൽ സൂരജ് ഒന്നാം പ്രതിയാണ്. പൊതുമരാമത്ത് വകുപ്പ്, കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പടെ മറ്റ് 9 പ്രതികൾ കൂടിയുണ്ട്.ഹർജിയിൽ ത്വരിതാന്വേഷണത്തിന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ ചുമതല. ടെണ്ടർ വിളിക്കാതെ സനാതൻ ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇവർ സബ് ടെണ്ടർ നൽകി. ഇടപാടുകൾ നടക്കുമ്പോൾ ടി.ഒ. സൂരജ് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടേയും കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാന്റെയും ചുമതല വഹിച്ചിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ എറണാകുളം വിജിലൻസ് യൂണിറ്റ് കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നില്ല. തുടർന്ന് ഹർജിക്കാരൻ ഇതിനെതിരെ ആക്ഷേപം ഫയൽ ചെയ്തു.