വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ ജനതാ ബസ് സ്റ്റോപ്പിന് കിഴക്കുവശം പൊയ്യത്തറ ദേവസി ബിജുവിന്റെ ആറു വയസുള്ള മകൻ അഡോൺ കാൽവിരലുകൾ വല്ലാതെ വളർന്ന് കാലുകൾ വളഞ്ഞുനടക്കാൻ കഴിയാതെ ചെറുപ്പം മുതൽ കിടപ്പിലാണ്. ഇതുമൂലം കുട്ടിയുടെ വിദ്യാഭ്യാസവും മുടങ്ങി. കേരളത്തിലെ നിരവധി ആശുപത്രികളിൽ ചികിത്സിച്ചിട്ടും അസുഖം കണ്ടുപിടിക്കാൻ കഴിയുന്നില്ല. കൂലിവേലക്കാരനായി ബിജുവിന് കിടപ്പാടം പോലുമില്ലാത്ത അവസ്ഥയാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇത്രനാൾ ചികിത്സിച്ചത്. ബിജുവിന്റെ ദുരിതാവസ്ഥ അറിഞ്ഞ പൊതുപ്രവർത്തകനായ വി.എസ്.സോളിരാജ് ചാരിറ്റി പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിന് അപേക്ഷ നൽകുകയും ചികിത്സാച്ചെലവിന്റെ ആദ്യഘട്ടം ഫിറോസ് ഏറ്റെടുക്കുകയും ചെയ്തു. ഹൈബി ഈഡൻ എം.പിയുടെ പിന്തുണയും സഹായവും ഇതിനുണ്ടായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പരിശോധനകൾക്കായി കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40 ലക്ഷം രൂപയോളം ശസ്ത്രക്രിയക്ക് വേണ്ടിവരും എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ചികിത്സാ സഹായത്തിന്റെ ആദ്യഘട്ട തുകയായ 50,000 രൂപയുടെ ചെക്ക് ഫിറോസ് സോളിരാജിനെ ഏൽപ്പിച്ചു.