വൈപ്പിൻ: അടച്ചിട്ടിരിക്കുന്ന വല്ലാർപാടം മേൽപ്പാലം ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഗോശ്രീ പാലം വഴി യാത്ര ചെയ്യുന്നവർ കണ്ടെയ്‌നർ ലോറികളുടെ കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം യാത്രാതടസം നേരിടുകയാണ്. അറ്റകുറ്റപ്പണിക്കായി നാല് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന വല്ലാർപാടം മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടും പാലം ഗതാഗത്തിനായി തുറന്നുകൊടുത്തിട്ടില്ല.
ഗോശ്രീ പാലത്തിലൂടെ കണ്ടെയ്‌നർ ലോറികൾ സഞ്ചരിക്കുന്നതുമൂലം ഈ റൂട്ടിൽ ഉണ്ടാകാവുന്ന വൈപ്പിൻ നിവാസികളുടെ ഗതാഗത തടസത്തിന് പരിഹാരം കാണുന്നതിനാണ് വല്ലാർപാടം മേൽപ്പാലം തുറന്നത്. എന്നാൽ ഒരുവർഷത്തിന് മുൻപ് ഗതാഗതത്തിനായി തുറന്ന വല്ലാർപാടം മേൽപ്പാലം അപ്രോച്ച് റോഡ് ഇടിഞ്ഞ് തകരാറിലായതിനാൽ നാല് മാസം മുമ്പ് അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിക്കുയും ചെയ്തു. എന്നാൽ പണി പൂർത്തിയായിട്ടും പാലം തുറക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.